22
Oct 2025
Sun
22 Oct 2025 Sun
adimali landslide

അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ അതിശക്തമായ മണ്ണിടിച്ചിലില്‍ പെട്ട ഒരാള്‍ മരിച്ചു. വീട് തകര്‍ന്ന് സിമന്റ് സ്ലാബുകള്‍ക്കടിയില്‍പ്പെട്ട നെടുമ്പള്ളിക്കുടി ബിജു (48) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ബിജുവിന്റെ ഭാര്യ സന്ധ്യയെ (42) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിമാലി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ബിജുവിനെയും സന്ധ്യയെയും പുറത്തെത്തിക്കാന്‍ അഞ്ചു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ആദ്യം സന്ധ്യയെയാണ് പുറത്തെത്തിച്ചത്. കാലിന് ഗുരുതര പരുക്കേറ്റ സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി.

മണ്ണിനടിയില്‍ കുടുങ്ങിയ നിലയിലായിരുന്ന സന്ധ്യയ്ക്ക് ശ്വാസതടസ്സമുണ്ടായിരുന്നതായും വിളിച്ചാല്‍ പ്രതികരിക്കുന്നുണ്ടായിരുന്നെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തിരച്ചിലിന് പൊലിസും ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും നേതൃത്വം നല്‍കി.

ALSO READ: അടിമാലിയില്‍ കുന്നിടിഞ്ഞു; ആളുകള്‍ അകപ്പെട്ടതായി സംശയം

സന്ധ്യയെ രക്ഷപ്പെടുത്തി ആറു മണിക്കൂറോളം കഴിഞ്ഞാണ് ബിജുവിനെ പുറത്തെത്തിക്കാനായത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് ബിജുവിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിന്റെ മരണം സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി 10.30 ഓടെയാണ് പ്രദേശത്ത് വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിള്ളലുണ്ടായിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. ഇതില്‍ രണ്ടു വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.

ശക്തമായ മഴമുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 25 ഓളം കുടുംബങ്ങളെ നേരത്തെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന ബിജുവും ഭാര്യ സന്ധ്യയും പ്രധാനപ്പെട്ട രേഖകള്‍ എടുക്കുന്നതിന് വേണ്ടി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു അപകടം.

അതേസമയം, മണ്ണിടിച്ചിലില്‍ എട്ടുവീടുകള്‍ തകര്‍ന്നുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. രണ്ടുവീടുകള്‍ പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അശാസ്ത്രീയമായ മണ്ണെടുപ്പ് വരുത്തിവച്ച ദുരന്തമാണിതെന്ന് നാട്ടുകാര്‍പറയുന്നു. മുന്‍പ് പലതവണ പരാതി ഉന്നയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വലിയരീതിയില്‍ വിള്ളല്‍ പ്രദേശത്ത് ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകുന്നേരം മാത്രമാണ് ആളുകളെ മാറ്റണമെന്ന നിര്‍ദേശം ലഭിച്ചത്.