വാഷിംഗ്ടണ്‍ : 1803-ല്‍ അവസാനമായി സംഭവിച്ച അപൂര്‍വമായ ഒരു പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. കോടിക്കണക്കിന് പ്രാണികള്‍ നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം മണ്ണിനടിയില്‍ നിന്ന് ഈ വര്‍ഷം ഒരുമിച്ച് പുറത്തേക്ക് വരുന്നു. ഈ വര്‍ഷത്തെ ഇരട്ട ആവിര്‍ഭാവം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സംഭവമാണ്.
|
ഇത്തരത്തിലൊരു വിസ്മയ കാഴ്ച സമ്മാനിക്കുന്നത് ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വര്‍ഗമാണ്. ഈ വര്‍ഷത്തിന്റെ പ്രത്യേകത 17 വര്‍ഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വര്‍ഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയര്‍ന്നുവരുന്നു എന്നതാണ്. 2024 -നു ശേഷം 221 വര്‍ഷങ്ങള്‍ക്കപ്പുറം മാത്രമേ വീണ്ടും ഇവ ഒരേസമയം പുറത്തുവരുന്നത് കാണാനാവൂ. രണ്ടുതരം സിക്കാഡകള്‍ ഒരുമിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം 1803 -ലാണ് ഇതിനു മുന്‍പ് ഉണ്ടായിട്ടുള്ളത്.
മണ്ണിനടിയില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന പ്രാണികളാണ് സിക്കാഡകള്‍. സിക്കാഡകള്‍ കൂട്ടമായി പുറത്തുവരുന്നത് ഇണയെ കണ്ടെത്തി വംശം നിലനിര്‍ത്തുന്നതിനായാണ്. പുറത്തുവരുന്ന ഇവയ്ക്ക് നാലു മുതല്‍ ആറ് ആഴ്ച വരെ മാത്രമാണ് ആയുസ്സ്. അതായത് ഇണയെ കണ്ടെത്തി പ്രജനനം നടത്താനുള്ള ആയുസ്സ് മാത്രമാണ് സിക്കാഡകകള്‍ക്കുള്ളത്. പെണ്‍ വര്‍ഗത്തെ ആകര്‍ഷിക്കാന്‍ ആണ്‍ സിക്കാഡകള്‍ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഇത്രയധികം പ്രാണികള്‍ കൂട്ടമായി ഇത്തരത്തില്‍ ശബ്ദം ഉണ്ടാക്കുന്നതിനാല്‍ ഇവയുടെ സാന്നിധ്യമുള്ള മേഖലകളില്‍ എപ്പോഴും ഈ ശബ്ദം കേള്‍ക്കാനാകും.
കൂട്ടമായി ഉയരുന്ന സിഡാക്കകളുടെ സാന്നിധ്യം ഒരു മാസത്തോളം നീണ്ടുനില്‍ക്കും. പുറത്തു വരുന്ന സമയത്ത് ഒരു ഏക്കറില്‍ ഏകദേശം 1.5 ദശലക്ഷം പ്രാണികളെങ്കിലും ഉണ്ടാവുമെന്നാണ് കണക്കെണ്ണ വിദഗ്ധര്‍ പറയുന്നു. ബ്രൂഡ് XIII, ബ്രൂഡ് XIX എന്നീ പേരുകളിലാണ് ഈ വര്‍ഷത്തെ സിക്കാഡ ഗ്രൂപ്പുകള്‍ അറിയപ്പെടുന്നത്.


