56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലേ ലഡാക്കില്‍ നടന്ന വിമാനാപകടത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി.(After 56 years, the body of the Malayali soldier was found in the snow) പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഒ എം തോമസിന്റെ മകന്‍ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ് അര നൂറ്റാണ്ടിന് ശേഷം കണ്ടെത്തിയത്. സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ബന്ധുക്കള്‍ക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.
|
1968 ലാണ് ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ വിമാന അപകടം ഉണ്ടായത്. തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘമേറിയ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്.
ALSO READ: അടിവസ്ത്രത്തിന്റെ ബട്ടന്‍ പൊട്ടിയെന്ന് പറഞ്ഞ് തുണിക്കടയില്‍; ജീവനക്കാരിയുടെ പണം അപഹരിച്ച് മുങ്ങി
കാണാതാകുമ്പോള്‍ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. വിമാന അപകടത്തില്‍ 102 പേര്‍ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് അന്ന് കണ്ടെത്തിയത്.
1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം.
തിരച്ചില്‍ നടത്തുന്നുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയെന്ന വിവരം സൈന്യത്തില്‍ നിന്ന് ഉണ്ടായതെതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 2019 ലും 5 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.
ചന്ദ്രബാഗ മലനിരകളിൽ തിരിച്ചിൽനടത്തിയ സൈന്യത്തിന്റെ ദോഗ്ര സ്കൗട്ട് വിഭാഗവും തിരംഗ മൗണ്ടൻ റെസ്‌ക്യൂവും ചേർന്ന സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടോളമായി ഇവർക്കായി തിരച്ചിൽനടത്തുന്ന സൈന്യത്തെ സംബന്ധിച്ച് നിർണായകവിജയമാണിത്.
ഇന്ത്യൻ വ്യോമസേനയുടെ എ.എൻ.-12 ഇരട്ട എൻജിൻ വിമാനമാണ് 1968 ഫെബ്രുവരി ഏഴിന് റോഹ്താങ് ചുരത്തിനുമീതെ പറക്കവേ തകർന്നുവീണത്. ചണ്ഡീഗഢിൽനിന്ന് ലേയിലേക്കുള്ള യാത്രമാധ്യേയായിരുന്നു അപകടം. 102 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം എവിടെപ്പോയെന്നത് മുപ്പതുവർഷത്തിലേറെ ദുരൂഹമായിത്തുടർന്നു.
2003-ലാണ് അടൽ ബിഹാരി വാജ്‌പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെനീയറിങ്ങിലെ പർവതാരോഹകർ വിമാനത്തിന്റെ തകർന്നഭാഗങ്ങൾ ആദ്യം കണ്ടെത്തുന്നത്. തുടർന്ന് 2005, 2006, 2013, 2019 വർഷങ്ങളിലായി ദോഗ്ര സ്‌കൗട്ട് കൂടുതൽ തിരച്ചിൽ ദൗത്യങ്ങൾ നടത്തി. ദുഷ്കരമായ ആ തിരച്ചിലിൽ അഞ്ചുപേരുടെ മൃതശരീരങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്.
മലയാളിയായ തോമസ് ചെറിയാന്‍ അടക്കം നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ റോത്താംഗ് പാസിന് സമീപമുള്ള ലോസര്‍ ഹെലിപാഡില്‍ എത്തിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ചണ്ഡിഗഡിലേക്ക് ഇന്ന് കൊണ്ടുപോകും. ഉച്ചയോടെ മൃതദേഹങ്ങള്‍ ചണ്ഡിഗഡില്‍ എത്തിക്കുമെന്നാണ് വിവരം.
ഇന്ന് തന്നെ തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇതിനായി വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.
‘ചെറിയാനെ കാണാതാവുമ്പോള്‍ എനിക്ക് 12 വയസ്സ്
ചെറിയാനെ കാണാതാവുമ്പോള്‍ 12 വയസായിരുന്നു സഹോദരി മേരി തോമസിന്റെ പ്രായം. വാര്‍ത്തകേട്ടപ്പോള്‍ സങ്കടവും സന്തോഷവും ഒരുപോലെയുണ്ടായെന്ന് മേരി തോമസ് പറഞ്ഞു. മൃതദേഹം കിട്ടിയല്ലോ എന്ന സന്തോഷമുണ്ടായിരുന്നു. കുടുംബ കല്ലറയില്‍ത്തന്നെ അടക്കാമല്ലോ. ചെറിയാനെക്കുറിച്ചോര്‍ത്ത് ഒരുപാട് വിഷമത്തോടെയാണ് പിതാവും അമ്മയും ഞങ്ങളെ വിട്ടുപോയത്. പിതാവിന് കുറച്ച് മനോധൈര്യമൊക്കെയുണ്ടായിരുന്നു. സംഭവം വീട്ടിലറിയുമ്പോള്‍ താന്‍ ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്നു. സ്‌കൂളില്‍ പോയിരുന്ന തന്നെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വിമാനത്തിന്റെ അവശിഷ്ടം കിട്ടിയെന്ന് മൂന്നുവര്‍ഷം മുന്‍പ് സൈന്യം അറിയിച്ചപ്പോള്‍ ചെറിയാന്റെ മൃതദേഹം കിട്ടുമോ എന്ന് പ്രതീക്ഷിച്ചിരുന്നു. അതിനുമുന്‍പെല്ലാം ജീവനോടെ വരുമോ എന്നായിരുന്നു പ്രതീക്ഷയെന്നും മേരി തോമസ് പറഞ്ഞു.





