22
Feb 2023
Tue
22 Feb 2023 Tue

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനെക്കാള്‍ വിജയിച്ച പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് നടക്കാന്‍ രാഹുല്‍ഗാന്ധി ഒരുങ്ങുന്നു. ഗാന്ധിജിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നും അസമിലേക്കാവും രാഹുല്‍ നടക്കുക. എന്നാല്‍ തിയ്യതി തീരുമാനിച്ചിട്ടില്ല. ഈ മാസാവസാനം ഛത്തീസ്ഗഢില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാരത് ജോഡോയുടെ സമാപന വേളയില്‍ രണ്ടാം ഘട്ട യാത്രയെ പറ്റി രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പദയാത്ര വേണ്ടെന്നും മറ്റേതെങ്കിലും രീതിയിലുള്ള പ്രചാരണം മതിയെന്നുമാണ് പാര്‍ട്ടി അഭിപ്രായം. മണ്‍സൂണിന് ശേഷമോ വര്‍ഷാവസാനമോ യാത്ര നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

രാജ്യത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരിയില്‍നിന്ന് സെപ്റ്റംബര്‍ ഏഴിന് തുടങ്ങിയ ഭാരത് ജോഡോ യാത്ര അഞ്ചുമാസം കൊണ്ടാണ് നാലായിരത്തോളം കിലോമീറ്റര്‍ പിന്നിട്ട് വടക്കേ അറ്റമായ ശ്രീനഗറില്‍ സമാപിച്ചത്. യാത്രയ്ക്ക് വലിയ തോതിലുള്ള സ്വീകരണം ലഭിച്ചതിനാലാണ് ഒരു യാത്രയ്ക്ക് കൂടി കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. യാത്രയിലുടനീളം തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം, വിദ്വേഷപ്രചാരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പാര്‍ട്ടി വിജയിച്ചു.