21
Apr 2025
Sat
21 Apr 2025 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞാൽ ഏറ്റവും പ്രധാന ദേശീയ ലീഗായ ഐ ലീഗ്‌ (I League) ഈ സീസണിലെ ജേതാവിനെ ഇന്ന് അറിയാം. ലീഗ് മത്സരങ്ങൾ പൂർത്തിയായിട്ടും ചാമ്പ്യൻമാരെ പ്രഖ്യാപിച്ചിരുന്നില്ല. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി യോഗം ഇന്ന്‌ ചേർന്ന്‌ തീരുമാനമെടുക്കും. 28ന്‌ ചേരാനാണ്‌ നേരത്തെ നിശ്‌ചയിച്ചിരുന്നത്‌ എങ്കിലും ഒരു ടീമുകളും നേരത്തേ യോഗം ചേരാൻ ആവശ്യപ്പെടുകയായിരുന്നു.

ഐ ലീഗിലെ മത്സരങ്ങൾ പൂർത്തിയായിട്ട്‌ ഒരാഴ്‌ചയായി. 22 കളിയിൽ ചർച്ചിൽ ബ്രദേഴ്‌സ്‌ 40 പോയിന്റുമായി ഒന്നാമതാണ്‌. ഇന്റർകാശിക്ക്‌ 39 പോയിന്റുണ്ട്‌. ഇന്റർകാശിയും നാംധാരി ക്ലബ്ബും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ട തർക്കത്തിൽ ആണ് ഇന്ന് തീരുമാനം പറയുക. ഇതോടെ ആണ് ഇന്ന് വിജയികളെയും എയ്യുക.

ജനുവരി 13ന്‌ നടന്ന മത്സരത്തിൽ നാംധാരി രണ്ട്‌ ഗോളിന്‌ ഇന്റർകാശിയെ തോൽപ്പിച്ചിരുന്നു. എന്നാൽ അയോഗ്യനായ കളിക്കാരനെ നാംധാരി കളത്തിൽ ഇറക്കിയെന്ന്‌ കാണിച്ച്‌ ഇന്റർകാശി അച്ചടക്കസമിതിക്ക്‌ പരാതി നൽകിയിരുന്നു. കൂടുതൽ മഞ്ഞക്കാർഡുകൾ നേടിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ക്ലെഡ്‌സൺ കാർവാലോ ഡ സിൽവയെ ആണ് ഇവർ കളിപ്പിച്ചത്. ഇതുപ്രകാരം ഇന്റർകാശിക്ക്‌ മൂന്ന്‌ പോയിന്റ്‌ കിട്ടി. എന്നാൽ ഈ തീരുമാനത്തിനെതിരെ നാംധാരി അപ്പീൽ കമ്മിറ്റിയെ സമീപിച്ചു. മാർച്ച് 27 ന് അപ്പീൽ കമ്മിറ്റി മത്സര ഫലം സ്റ്റേ ചെയ്തു. ഇന്റർകാശിക്ക്‌ പോയിന്റ്‌ നൽകിയത്‌ മരവിപ്പിക്കുകയും അന്തിമ തീരുമാനം 28ലേക്ക്‌ മാറ്റുകയുമായിരുന്നു. ഇരുക്ലബ്ബുകളുടെയും ആവശ്യപ്രകാരമാണ്‌ തീരുമാനം നേരത്തെയാക്കുന്നത്‌. മൂന്ന്‌ പോയിന്റ്‌ ലഭിച്ചാൽ ഇന്റർകാശി ആദ്യമായി ഐ ലീഗ്‌ കിരീടം നേടും. ഇല്ലെങ്കിൽ ചർച്ചിൽ ബ്രദേഴ്‌സ്‌ മൂന്നാം തവണ കിരീടം സ്വന്തമാക്കും. ജേതാക്കൾക്ക്‌ ഒരു കോടി രൂപയും ഐഎസ്‌എൽ പ്രവേശനവുമാണ്‌.

വിരമിച്ച ജസ്റ്റിസ് രാജേഷ് ടണ്ടൻ ആണ് നിലവിൽ അപ്പീൽ കമ്മിറ്റിയെ നയിക്കുന്നത്. വിരമിച്ച ജസ്റ്റിസ് അശോക് കുമാർ ത്രിപാഠി (സെഷൻസ് കോടതി), അഭിഭാഷകൻ ദിവാകർ തിതെ എന്നിവരാണ് മറ്റ് അംഗങ്ങൾ.

AIFF Appeals Committee to decide I-League 2024-25 champion on Today