17
Oct 2023
Wed
17 Oct 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹ മാധ്യമങ്ങളില്‍ ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ച പൈലറ്റിനെ എയര്‍ കാനഡ സസ്‌പെന്‍ഡ് ചെയ്തു. കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍ കാനഡ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൈലറ്റ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ ഇസ്രായേലിനെതിരെ അസ്വീകാര്യമായ പോസ്റ്റുകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് നടപടി. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടി ആണ് ഈ അച്ചടക്ക നടപടി.

എയര്‍ കാനഡ പൈലറ്റ് ആയ മോസ്തഫ എസ്സോ തന്റെ യൂണിഫോമിന് മേല്‍ പലസ്തീന്‍ അനുകൂല നിറങ്ങള്‍ ധരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയും പങ്കുവെച്ചിരുന്നു. കൂടാതെ മോശം പരാമര്‍ശങ്ങളോടെ ഇസ്രായേല്‍ വിരുദ്ധ വികാരം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് യഹൂദ വിരുദ്ധതയാണ് എന്ന് ആരോപിച്ചുകൊണ്ട് വലിയ രീതിയിലുള്ള ആക്ഷേപങ്ങളും ഈ പോസ്റ്റിനു നേരെ ഉയര്‍ന്നിരുന്നു. അതേസമയം തങ്ങളുടെ പൈലറ്റിനെ സസ്‌പെന്‍സ് ചെയ്ത വിവരം എക്‌സിലുടെ എയര്‍ കാനഡ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

” എയര്‍ കാനഡ പൈലറ്റ് നടത്തിയ അസ്വീകാര്യമായ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഒക്ടോബര്‍ 9-ന് തിങ്കളാഴ്ച അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കി. എല്ലാത്തരം അക്രമങ്ങളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,” എന്നും എയര്‍ കാനഡ പോസ്റ്റില്‍ കുറിച്ചു. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് മറുപടിയായി എയര്‍ലൈന്‍ ഉടന്‍ തന്നെ മൊസ്റ്റാഫ എസ്സോയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്ന് കാനഡ വക്താവ് പീറ്റര്‍ ഫിറ്റ്സ്പാട്രികും പ്രതികരിച്ചു.
അതേസമയം ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ എയര്‍ കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിന് പിന്നാലെയാണ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു എന്നുള്ള റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്.

കാനഡിയന്‍ പൗരന്മാരെ ഈ മേഖലയില്‍ നിന്ന് എത്രയും വേഗം ഒഴിപ്പിക്കാനുള്ള നടപടികളും കാനഡ സ്വീകരിച്ചിട്ടുണ്ട്. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ട്. 2800 ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൂടാതെ 24 മണിക്കൂറിനിടെ 450 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ശനിയാഴ്ച രാവിലെ ഏകദേശം ആറരയോടെയാണ് ഹമാസ് അംഗങ്ങള്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്.