ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയതിന് പിന്നാലെ, അതിലെ യാത്രക്കാരായ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തി. വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, കെ. രാധാകൃഷ്ണന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി റോബര്‍ട്ട് ബ്രൂസ് എന്നിവരടക്കം മൊത്തം 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
|
വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പു കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. ലാന്‍ഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ഇരുന്നത്. എംപിമാര്‍ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ വിമാനത്തിലുള്ളത്. ‘ചെന്നൈ വിമാനത്താവളത്തിനു മുകളില്‍ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാന്‍ഡിങ്ങിന് ശ്രമിച്ചതെന്നാണ് അറിഞ്ഞത്. ലാന്‍ഡിങ്ങിനായി ഇറങ്ങുമ്പോള്‍ റണ്‍വേയില്‍ മറ്റൊരു വിമാനമുണ്ടെന്ന അറിയിപ്പ് ഉണ്ടായതോടെ ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കു പറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കി. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങള്‍ക്ക് തുണയായത്’- കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാന്‍ഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്തു. മുഴുവന്‍ യാത്രക്കാരുമായി വിമാനം സുരക്ഷിതരായി ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു’- കൊടിക്കുന്നില്‍ കുറിച്ചു.
രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണ് എന്നാണ് അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് എംപിമാര്‍ ഡല്‍ഹിയിലേക്കു പുറപ്പെട്ടത്. സംഭവത്തില്‍ ഡിജിസിഎക്ക് പരാതി നല്‍കുമെന്ന് എംപിമാര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയര്‍ ഇന്ത്യ 2455 വിമാനം ആണ് ഇന്നലെ ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്. വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. അടിയന്തര ലാന്‍ഡിങിന് ശ്രമിക്കവെ റണ്‍വേയില്‍ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടുകയുംചെയ്തു.
അതേസമയം, വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തുവന്നു. റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാന്‍ഡിങ്ങില്‍ സുരക്ഷാ വീഴ്ചയില്ല. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആദ്യ ലാന്‍ഡിങ് ഒഴിവാക്കിയതെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുന്നു.
Air India makes emergency landing, Malayali MPs including KC Venugopal on the way


