Aisha Potty joined congress മൂന്ന് പതിറ്റാണ്ട് നീണ്ട പാര്‍ട്ടി ബന്ധം അവസാനിപ്പിച്ച് മുന്‍ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അടുത്ത കാലത്തായി ഇടതുപക്ഷത്ത് നിന്ന് അകന്നു നില്‍ക്കുകയായിരുന്നു ഐഷ പോറ്റി. കൊല്ലം കൊട്ടാരക്കരയില്‍ അയിഷാ പോറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് അറിയുന്നത്.
|
2006 ല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു അയിഷപോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്. 2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച അയിഷ പോറ്റി 2016 ല്‍ 42, 632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് നടന്നു കയറിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ രണ്ടുമായില്ലെന്നു മാത്രമല്ല പാര്‍ടിയില്‍ നിന്നും അകലുകയും ചെയ്തു.
ഉമ്മന്‍ചാണ്ടി അനുസമരണത്തിലടക്കമുള്ള വേദികളില്‍ സജീവമായതോടെ കോണ്‍ഗ്രസിലേക്കെന്നുള്ള ചര്‍ച്ച സജീവമായെങ്കിലും അവര്‍ തന്നെ നിഷേധിച്ചു. മണ്ഡലത്തിലെ എം.എല്‍.എ യും ധനകാര്യ മന്ത്രിയുമായ കെ.എന്‍.ബാലഗോപാലുമായി നല്ല രസത്തിലല്ലെന്നും വാര്‍ത്ത പരന്നതോടെ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അവരോട് ആവശ്യപ്പെട്ടു.
സിപിഎമ്മില്‍ നിന്ന് അകന്നു
കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി.
ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലുള്ള ഏതെങ്കിലും പദവികള്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതുമാണ് ഐഷ പോറ്റിയെ ചൊടിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസ് ബിയുടെ കരുത്തനായ നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് കൊട്ടാരക്കര മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തത്. മൂന്നു തവണ ഐഷ പോറ്റി കൊട്ടാരക്കരയില്‍ വന്‍ഭുരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ കൊട്ടാരക്കര മണ്ഡലം ഇടത് കോട്ടയായി മാറുകയായിരുന്നു. കഴിഞ്ഞ തവണ ബാലഗോപാലിനെ മത്സരിപ്പിക്കാന്‍ സി പി ഐ എം തീരുമാനിച്ചതോടെയാണ് നേതൃത്വത്തോട് ഐഷ പോറ്റി നീരസം പ്രകടിപ്പിച്ചത്.
തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.


