ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താന്‍ അനുമതി; പള്ളി കമ്മിറ്റിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
|
അലഹാബാദ്: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നേതൃത്വത്തില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി. സര്‍വേയ്‌ക്കെതിരെ അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരാണസി ജില്ലാ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുഴിച്ചു പരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നത് പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം. നേരത്തെ സര്‍വേ നടത്താനുള്ള ഉത്തരവ് തടഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോടു നിര്‍ദേശിക്കുകയായിരുന്നു,
ഹിന്ദു ക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മിച്ചതെന്ന് നിര്‍ണയിക്കാനുള്ള ഏക മാര്‍ഗം സര്‍വേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ ജൂലൈ 21ന് വാരാണസി കോടതിയാണ് സര്‍വേയ്ക്ക് ഉത്തരവിട്ടത്. ജൂലൈ 24ന് സര്‍വേ തുടങ്ങി.തുടര്‍ന്ന് മസ്ജിദ് കമ്മറ്റി സര്‍വേക്കെതിരെ ആദ്യം സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മസ്ജിദിന്റെ കെട്ടിടത്തിന് 1000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും സര്‍വേയുടെ ഭാഗമായുള്ള കുഴിയെടുക്കല്‍ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസത്തിന്റെ വാദം കേള്‍ക്കലിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദേശം നല്‍കി.





