01
Jun 2023
Thu
01 Jun 2023 Thu

കൊച്ചി: കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17 വയസുകാരിയെ അടിയന്തര ചികിത്സ ലഭ്യമാക്കാൻ അതിവേ​ഗം അമൃത ആശുപത്രിയിലെത്തിച്ചു. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് രണ്ടു മണിക്കൂർ 37 മിനിറ്റുകൊണ്ടാണ് ആംബുലൻസ് എത്തിയത്. പൊലീസ് അകമ്പടിയിലായിരുന്നു യാത്ര. നാലുമണിക്കൂറെങ്കിലും സാധാരണ​ഗതിയിൽ ആവശ്യമാണെന്നിരിക്കെയാണ് അതിവേ​ഗം കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൻമരിയ ജോയി എന്ന പെൺകുട്ടിയെയാണ് കൊച്ചി അമൃത ആശുപത്രിയിലേക്ക് എത്തിച്ചത്. കട്ടപ്പനയിൽനിന്ന് ചെറുതോണി, തൊടുപുഴ വഴി റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടന്നുവന്നത്. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കി.

വ്യാഴം രാവിലെ ഇരട്ടയാർ പള്ളിയിൽ കുർബാനയ്ക്കിടെയാണ് ആൻമരിയയ്ക്ക് ഹൃദയാഘാതമുണ്ടായത്. സെന്‍റ് ജോൺസ് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തോടെ ചികിൽസ നൽകിയിരുന്നു. പിന്നീടാണ് KL-06-H-9844 നമ്പരിലുള്ള ആംബുലന്‍സിൽ കുട്ടിയെ അമൃതയിലേക്ക് കൊണ്ടുവന്നത്. ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ മന്ത്രി റോഷി അഗസ്റ്റിനും ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു. മന്ത്രിയും ആംബുലൻസിനെ അനുഗമിച്ചു.