17
Jan 2025
Thu
17 Jan 2025 Thu
American Airlines plane collides with helicopter

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെയായി കണ്ടെടുത്തു. (American Airlines plane collides with helicopter in D.C) ഹെലികോപ്ടറുമായി കൂട്ടിയിടിച്ച വിമാനം സമീപത്തുള്ള പോട്ടോമാക്ക് നദിയിലേക്കാണ് വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തെ തുടര്‍ന്ന് വിമാനം രണ്ടായി പിളര്‍ന്നിരുന്നു. യാത്രക്കാര്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

നിരവധി മുങ്ങല്‍ വിദഗ്ധരെയാണ് രക്ഷാ ദൗത്യത്തിനായി അമേരിക്കന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. വിമാനത്തില്‍ 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ALSO READ: രണ്ടുവയസ്സുകാരിയെ കൊന്നതില്‍ കുറ്റസമ്മതം നടത്തി അമ്മാവന്‍; അമ്മയെ രക്ഷിക്കാനാണോ എന്ന സംശയത്തില്‍ പോലീസ്; കേള്‍ക്കുന്ന കാരണം അവിശ്വസനീയം!

രണ്ടായി പിളര്‍ന്ന് മാറിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പോട്ടോമാക് നദിയില്‍ ഏഴടിയോളം താഴ്ചയിലാണ് വീണത്. ഹെലികോപ്ടര്‍ തലകീഴായി മറിഞ്ഞ അവസ്ഥയിലാണ്.

അപകടത്തില്‍ പെട്ട സൈനിക ഹെലികോപ്ടറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഹെലികോപ്ടര്‍ പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്നു.

അപകടം ഉണ്ടായ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആകാശത്ത് വെച്ചാണ് വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചതെന്നാണ് വിമാനത്താവള അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ഇപ്പോള്‍ ശൈത്യകാലമായത് കൊണ്ട് തന്നെ പോട്ടോമാക് നദിയിലെ വെള്ളം തണുത്തുറഞ്ഞ് കിടക്കുകയാണ്. വിമാനത്തിലെ യാത്രക്കാര്‍ ആരെങ്കിലും വെള്ളത്തില്‍ വീണാല്‍ 15 മുതല്‍, 20 മിനിട്ട് വരെ മാത്രമേ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ.

പോടോമാക് നദിയുടെ തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. വിമാനം ലാന്‍ഡ് ചെയ്തതിന്റെ തെളിവുകളൊന്നും ഇല്ലെന്നും നദിയില്‍ വീണിരിക്കാനാണ് സാധ്യതയെന്നുമാണ് അന്താരാഷ്ട്ര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2009 ന് ശേഷം അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏജന്‍സിയും വ്യക്തമാക്കി. വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.