തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. (Balaramapuram Devendu murder investigation) കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞുവെന്ന് ഇയാള്‍ സമ്മതിച്ചതായാണ് വിവരം.
|
കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നതും പ്രാഥമിക ഇന്‍ക്വസ്റ്റ് റിപോര്‍ട്ടില്‍ വെള്ളത്തില്‍ വീഴും മുമ്പ് കുട്ടി മരിച്ചിരുന്നില്ല എന്ന് വ്യക്തമായതും ഈ വാദം വിശ്വാസത്തിലെടുക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നു. അതേസമയം, കുഞ്ഞിന്റെ അമ്മയായ സഹോദരി ശ്രീതുവിനെ രക്ഷിക്കാന്‍ ഹരികുമാര്‍ കുറ്റസമ്മതം നടത്തുകയാണോ എന്ന സംശയവും പോലീസിനുണ്ട്.
കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്.
കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പൊലീസിനോടു കയര്‍ക്കുന്ന സമീപനമാണ് ഹരികുമാര്‍ സ്വീകരിച്ചത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത കാരണമാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇക്കാര്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഹരികുമാര്‍ ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കുഞ്ഞിനെ പുലര്‍ച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്തു കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്കു പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, കുഞ്ഞ് അമ്മാവനോടൊപ്പമാണ് കിടന്നിരുന്നതെന്നാണ് ശ്രീജിത്തിന്റെ മൊഴി. ഇതാണ് പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.
ശ്രീജിത്തും ശ്രീതുവും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയുടെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമായി അറിയാന്‍ കഴിയുളളൂവെന്നു പോലീസ് അറിയിച്ചു. ഉച്ചയ്ക്കു ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും സമാനമായ നിലയില്‍ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.
ഇത് വ്യാജ പരാതിയാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. ശ്രീതുവിന്റെ അച്ഛന്‍ 16 ദിവസം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷമാണ് വീട്ടുകാര്‍ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവര്‍ ഞരമ്പ് മുറിക്കുകയും കിണറ്റില്‍ ചാടുകയും ചെയ്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിന്റെ സഹോദരന്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്.


