പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തിയ രാജ്യവ്യാപക റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍ഐഎ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും .
|
വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിലയിരുത്തലാണ് യോഗത്തില്‍ നടത്തുകയെന്നാണ് സൂചന. കഴിഞ്ഞമാസം ആഗസ്റ്റ് 29ന് അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേർന്ന ഉന്നത തല യോഗത്തില്‍ രാജ്യമെമ്പാടുമുള്ള പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
രാജ്യവ്യാപകമായി ഇന്ന് പുലർച്ചെമുതൽ നടന്ന റെയ്ഡില്‍ 100ഓളം പിഎഫ്ഐ നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്ത 22 പേരില്‍ 10ലേറെ പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയതായാണ് വിവരം. കസ്റ്റഡിയിലെടുത്ത നേതാക്കളെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലാണ് എത്തിച്ചിരിക്കുന്നത്.
പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ വൈസ് ചെയർമാൻ ഇ എം അബ്ദുർ റഹ്മാൻ, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങൾ, പ്രഫ. പി കോയ എന്നിവരടക്കം 22 നേതാക്കളെയാണ് കേരളത്തിൽ നിന്നു കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും കണ്ണൂർ താണയിലെ ഓഫിസിലും റെയ്ഡ് നടന്നു. കേരളം കൂടാതെ തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഓഫിസുകളിലും റെയ്ഡ് നടന്നു.
ദേശീയ ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്ന് പോപുലർ ഫ്രണ്ട് പ്രതികരിച്ചിരുന്നു. അതേസമയം അന്യായ റെയ്ഡിലും നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിലും പ്രതിഷേധിച്ചു പോപുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയാണ്.



