പുതുപ്പള്ളിയിലെ BJP സ്ഥാനാര്‍ഥി അനില്‍ ആന്റണി? തള്ളാതെ സുരേന്ദ്രന്‍; പദവികള്‍ക്ക് വേണ്ടിയല്ല ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അനില്‍
|
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സ്ഥിരീകരണമില്ലെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം അനില്‍ ആന്റണി വരാനുള്ള സാധ്യത തള്ളിയില്ല. പല പേരുകള്‍ ചര്‍ച്ചയിലുണ്ടെന്നും എന്‍.ഹരിയും സാധ്യതാപ്പട്ടികയിലുണ്ടെന്നും സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.
അതേസമയം, പദവികള്‍ക്ക് വേണ്ടിയല്ല താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ദേശീയ സെക്രട്ടറി കൂടിയായ അനില്‍ ആന്റണി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ കണ്ടാണ് പാര്‍ട്ടിയിലെത്തിയത്. 65 വര്‍ഷം കൊണ്ട് ഉണ്ടാവാത്ത വികസനമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യയെ ലോകത്തെ ഒന്നാമത്തെ ശക്തിയാക്കി മാറ്റുകയാണ് മോദിയുടെ ലക്ഷ്യം അതിനായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അനില്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ താന്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കും. പുതുപ്പള്ളിയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറുന്ന കാഴ്ചയാണ് ഇനി കാണാനാവുക. ഇന്ത്യ മുഴുവനുള്ള തരംഗം കേരളത്തിലുമുണ്ടാകുമെന്നും അനില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ചികിത്സ പോലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ജെയ്ക് പി. തോമസാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.





