അഹമ്മദാബാദ്: ഗോരക്ഷാ പ്രവര്‍ത്തനത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിച്ച് ഒരു വിഭാഗം സംസ്ഥാനത്തിന്റെ പേര് നശിപ്പിക്കുന്നുവെന്ന് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയില്‍. നിയമം കൈയിലെടുക്കുന്ന ഇത്തരക്കാരെ പ്രോല്‍സാഹിപ്പിക്കരുതെന്ന് പൊലീസ് കോടതിയോട് അപേക്ഷിച്ചു. (Animal vigilante groups portray Gujarat in bad light: Police tell highcourt ) ഈദ്, രഥയാത്ര ആഘോഷങ്ങളില്‍ ഗോരക്ഷകര്‍ മൂലം ക്രമസമാധാനനില തകര്‍ക്കപ്പെടുന്നുവെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
|
കഴിഞ്ഞ മാസം ആടുകളുമായി പോയ ട്രക്ക് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആടുകളെ അതിന്റെ ഉടമസ്ഥന് തിരിച്ചേല്‍പ്പിക്കാനുള്ള പോലീസിന്റെ തീരുമാനത്തിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നമസ്തേ ഫൗണ്ടേഷന് എന്ന സംഘടന ട്രക്ക് തടഞ്ഞതിന് പിന്നാലെ ഡ്രൈവറടക്കം ഓടി രക്ഷപെട്ടിരുന്നു. പിന്നാലെ ആടുകളെയും വഹിച്ചുള്ള ട്രക്ക് നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തള്ളിയാണ് പൊലീസ് അടുത്തുള്ള സ്റ്റേഷനിലെത്തിച്ചത്.
സ്വകാര്യ വ്യക്തികളിലാര്‍ക്കും തന്നെ പൊതുനിരത്തില്‍ വാഹനം തടയാന്‍ അധികാരമില്ലെന്ന് പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. വിഷയം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഇത്തരത്തിലുള്ള വ്യാജ മൃഗസംരക്ഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഹമ്മദാബാദ് സിറ്റി എന്‍ ഡിവിഷന് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.എന്‍ പട്ടേല്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം:
ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുള്‍പ്പടെ ആട്ടിറച്ചി ലഭ്യമാണ്, അത് നിരോധിതമല്ല. ഗോസംരക്ഷണം, ആടുകളുടെ സംരക്ഷണം എന്ന പേരിലൊക്കെ നടക്കുന്ന അക്രമങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് ഗുജറാത്തിലാകെ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത്തരം അതിക്രമങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും കാരണമാകും. നിലവിലെ കേസില്‍ ജൂണ്‍ 10നാണ് വാഹനം പിടിച്ചെടുക്കുന്നത്. ബക്രീദ് ആഘോഷിച്ചത് ജൂണ്‍ 17നും. ബക്രീദീന് പിന്നാലെ ജൂലൈ ഏഴാം തീയതി രഥയാത്രയും സംഘടിപ്പിച്ചിരുന്നു. വര്‍ഗീയ കലാപങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട് ഈ ആഘോഷവേളകളുടെ പശ്ചാത്തലത്തില്‍ പറയാന്‍.
ട്രക്കില്‍ ആടുകളെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ലാത്തതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ട്രക്കിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാലും അനുവദനീയമായതിലും കൂടുതല്‍ ആടുകളെ കയറ്റിയതിനും ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്തി. ആടുകളെ പഞ്ച്രപോളിലെ അനിമല്‍ ഷെല്‍ട്ടറില്‍ എത്തിക്കുകയും ചെയ്തു. എന്നാലിതില്‍ നൂറോളം പേരാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. എഫ്ഐആര്‍ ചുമത്താന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പെട്ടെന്ന് പ്രചരിക്കും. ഈ പോസ്റ്റുകള്‍ക്കടിയില്‍ വരുന്ന കമന്റുകള്‍ വിദ്വേഷം കൂട്ടാനേ ഉപകരിക്കൂ. ഈദും രഥയാത്രയും പോലുള്ള വിശേഷദിവസങ്ങളാണ് ഇത്തരം വിദ്വേഷം പ്രകടിപ്പിക്കാന്‍ സമൂഹം തിരഞ്ഞെടുക്കുക. അത് ഗുജറാത്തിന്റെ പേര് എല്ലായിടത്തും കളങ്കപ്പെടുത്തും. അതിനാല്‍ തന്നെ ഇത്തരം ഗോരക്ഷാ സംഘങ്ങളെ വിലക്കുക അനിവാര്യതയാണ്.
ആടുകളെ അതിന്റെ ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാന്‍ പഞ്ച്രപോളിന് നിര്‍ദേശം നല്‍കിയുള്ള പൊലീസ് ഉത്തരവിനെതിരെ പഞ്ച്രപോള്‍ മാനേജര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയുള്ള ഹരജിയിലായിരുന്നു പൊലീസിന്റെ സത്യവാങ്മൂലം.
നമസ്തേ ഫൗണ്ടേഷനോ നിലവില്‍ ആടുകളുള്ള പഞ്ച്രപോള്‍ ഷെല്‍ട്ടറോ അംഗീകാരമുള്ള സ്ഥാപനങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മേലില്‍ ഇത്തരം ഹരജികളുമായി വരരുതെന്ന് ഇവരെ ശകാരിക്കുകയും ചെയ്തു. പിന്നാലെ ഇവര്‍ ഹരജി പിന്‍വലിച്ചു.
ട്രക്കുകള്‍ തടഞ്ഞ് പിടികൂടുന്ന മൃഗങ്ങളെ ഷെല്‍ട്ടര്‍ ഹോമുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കേന്ദ്രങ്ങള്‍ സ്വന്തമാക്കുന്നത് ഉത്തരേന്ത്യയില്‍ പതിവാണ്. ഇത്തരം മൃഗങ്ങളെ ഷെല്‍ട്ടര്‍ ഹോം ഉടമകള്‍ പിന്നീട് എ്ന്ത് ചെയ്യുന്നുവെന്നതിന് യാതൊരു വ്യക്തതയുമില്ല.





