ജിദ്ദ: നവീന ആശയങ്ങള്‍ക്കും പ്രചോദനപരമായ ചര്‍ച്ചകള്‍ക്കും മുന്‍ഗണന നല്‍കുന്ന ‘ഡയലോഗ്‌സ്’ സീരിസ് ഭാഗമായി സംഘടിപ്പിച്ച ‘അനുഭവങ്ങള്‍ കഥപറയുന്നു’ എന്ന പേരില്‍ ജിദ്ദയില്‍ നടത്തിയ സംഗമം ശ്രദ്ധേയമായി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആറ് പ്രഭാഷകര്‍ പങ്കെടുത്ത പരിപാടി പങ്കെടുത്തവര്‍ക്ക് അറിവിന്റെയും പ്രചോദനത്തിന്റെയും വേദിയായി മാറി. ഡോ. വിനീത പിള്ള, ഹംസ മദാരി, മുസ്തഫ മാസ്റ്റര്‍, മിര്‍സ ഷരീഫ്, മുഹമ്മദ് കുട്ടി വെള്ളുവനാട്, ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവച്ചു. ഡോ. വിനീത പിള്ള മരണത്തിന്റെയും ജീവിതത്തിന്റെയും അതിര്‍ത്തിയില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ സദസ്സുമായി പങ്കുവച്ചു. ഹംസ മദാരി ഭാഷയുടെ പരിണാമം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ചര്‍ച്ചചെയ്തു.
|
മുസ്തഫ മാസ്റ്റര്‍ മനസികാരോഗ്യത്തിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചപ്പോള്‍, മിര്‍സ ഷരീഫ് തന്റെ സംഗീതജീവിതത്തില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ പങ്കുവച്ചു. പ്രവാസജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് മുഹമ്മദ് കുട്ടി വെള്ളുവനാട് ചര്‍ച്ച ചെയ്തു, ബഷീര്‍ വള്ളിക്കുന്ന് സോഷ്യല്‍ മീഡിയയുടെ സുതാര്യമായ പ്രയോഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
നാസര്‍ തിരുനിലത്ത് സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ചും ലക്ഷ്യങ്ങള്‍ക്കായി സ്വീകരിക്കേണ്ട മാര്‍ഗരേഖകളെ കുറിച്ചും വിശദീകരിച്ചു. റജിയ വീരാന്‍, കൃപ കുരുങ്ങാട്ട്, അന്‍വര്‍ വണ്ടൂര്‍ തുടങ്ങിയവരുടെ ചോദ്യോത്തര സെഷന്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഷാജു അത്താണിക്കല്‍ അദ്ധ്യക്ഷനായ പരിപാടിയില്‍, സഹീര്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും അലി അരീക്കത്ത് നന്ദിയും പറഞ്ഞു. അസ്സൈന്‍ ഇല്ലിക്കല്‍, അദ്‌നാന്‍, ഫെബിന്‍, കൃപ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.


