മനാമ: അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങളില്‍ യുഎന്‍ സമാധാന സേനയെ നിയോഗിക്കണമെന്ന് അറബ് ലീഗ്. ഇസ്രായേലിന്റെ ഗസാ അധിനിവേശം ആരംഭിച്ച ശേഷം ഇതാദ്യമായാണ് വിഷയത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുന്നതിന് അറബ് രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നത്. ദ്വിരാഷ്ട്ര പരിഹാരം സാധ്യമവുന്നതു വരെ അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങളില്‍ അന്താരാഷ്ട്ര സംരക്ഷണം വേണമെന്നും യുഎന്‍ സമാധാന സേനയെ വിന്യസിക്കണമെന്നുമാണ് ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ചേര്‍ന്ന 22 രാജ്യങ്ങളുടെ യോഗം ആവശ്യപ്പെട്ടത്. ( Arab League calls for UN peacekeeping force in Palestinian territories, ceasefire in Gaza )
|
അറബ് സമാധാന സേനയുടെ ഭാഗമായി ഗസയില്‍ സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറാണെന്ന് ബഹ്റൈന്‍ അമേരിക്കയ്ക്ക് സൂചന നല്‍കിയിരുന്നു. മൊറോക്കോ, യുഎഇ, ഈജിപ്ത് സേനകളോടും ഒപ്പം ചേരാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ വിന്യസിക്കുന്നതിനോട് യോജിക്കുന്നില്ല.
ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് നിര്‍ത്തണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. സഹായ വിതരണം പൂര്‍ണതോതില്‍ അനുവദിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഫത്ഹും ഹമാസും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് എല്ലാ ഫലസ്തീന് ഗ്രൂപ്പുകളും ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് കീഴില്‍ ഒരുമിക്കണമെന്നും അറബ് ലീഗ് ആഹ്വാനം ചെയ്തു.


