21
Feb 2024
Mon
21 Feb 2024 Mon

അര്‍ജന്റീനയോട് തോറ്റ് പുറത്ത്; പാരീസ് ഒളിംപിക്‌സിന് ബ്രസീലില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാക്കളായ ബ്രസീല്‍ അണ്ടര്‍ 23 ടീം പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാനാവാതെ പുറത്ത്. അര്‍ജന്റീനയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ബ്രസീല്‍ അയോഗ്യരായത്. ലൂസിയാനോ ഗോണ്ടു കളിയുടെ 77 ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയം നേടിക്കൊടുത്തത്.

തുടര്‍ച്ചയായ മൂന്നാം ഒളിംപിക് സ്വര്‍ണമെന്ന ബ്രസീലിയന്‍ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്‌ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ദക്ഷിണഅമേരിക്കന്‍ യോഗ്യതയ്ക്കുള്ള മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും പരാഗ്വേയും വെനസ്വേലയുമായിരുന്നു മറ്റു ടീമുകള്‍. ഇതില്‍ അര്‍ജന്റീനയും പരാഗ്വേയും യോഗ്യതനേടി. 2004, 2008 ഗെയിംസുകളില്‍ ചാംപ്യന്മാരാണ് അര്‍ജന്റീന. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടന്ന യോഗ്യതാമത്സരത്തില്‍ അര്‍ജന്റീന അഞ്ചുപോയിന്റ് നേടിയപ്പോള്‍ പരാഗ്വേ നാലു പോയിന്റുകള്‍ കരസ്ഥമാക്കി. ബ്രസീലിന് നേടാനായത് മൂന്ന് പോയിന്റാണ്. നാലു തവണ ചാംപ്യന്മാരായ ടീമാണ് ബ്രസീല്‍.

ഒളിമ്പിക്‌സില്‍ കളിക്കുന്ന ടീമില്‍ നിന്ന് വ്യത്യസ്തമായി 23 വയസ്സിന് താഴെയുള്ള കളിക്കാര്‍ക്ക് മാത്രമാണ് യോഗ്യതാറൗണ്ടില്‍ കളിക്കാനാകുക. ഒളിമ്പിക്‌സില്‍ കളിക്കുമ്പോള്‍ ടീമുകള്‍ക്ക് മൂന്ന് സീനിയര്‍ താരങ്ങളുടെ സേവനത്തിന് അനുവാദമുണ്ട്. 2008ലെ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമില്‍ ഉണ്ടായിരുന്ന 36 കാരനായ ലയണല്‍ മെസ്സി പാരീസില്‍ ടീമിനൊപ്പം കളിക്കും.

Argentina Knock Defending Champions Brazil Out of Paris Olympics

Brazil Vs Argentina