ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലോക ചാമ്പ്യന്മാരും കോപ അമേരിക്ക ജേതാക്കളുമായ അര്‍ജന്റീന. (Argentina is number one in the FIFA ranking; Brazil backs down; India is unmoved) 1901.48 പോയന്റാണ് അര്‍ജന്റീനക്കുള്ളത്. യൂറോ സെമിഫൈനലിസ്റ്റുകളായ ഫ്രാന്‍സ് 1854.91 പോയന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍ (1835.67) അഞ്ച് സ്ഥാനം മുന്നോട്ടുകയറി മൂന്നാമതെത്തി. യൂറോ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. ഒരു സ്ഥാനമാണ് മുന്നോട്ട് കയറിയത്.
|
അതേസമയം, ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ കോപയിലെ നിരാശജനകമായ പ്രകടനത്തിന് പിന്നാലെ ഒരു സ്ഥാനം പിറകോട്ടുപോയി അഞ്ചാമതായി. മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ ബെല്‍ജിയം ആറാമതായപ്പോള്‍ നെതര്‍ലാന്‍ഡ്‌സ് ഏഴാം സ്ഥാനം നിലനിര്‍ത്തി. രണ്ട് സ്ഥാനം പിറകോട്ടിറങ്ങിയ പോര്‍ച്ചുഗല്‍ എട്ടാമതും കോപ അമേരിക്കയില്‍ ഫൈനലിലെത്തിയ കൊളംബിയ മൂന്ന് സ്ഥാനം മുന്നോട്ടുകയറി ഒമ്പതിലും എത്തിയപ്പോള്‍ ഇറ്റലി പത്താം സ്ഥാനം നിലനിര്‍ത്തി. ഉറുഗ്വായ്, ക്രൊയേഷ്യ, ജര്‍മനി, മൊറോക്കൊ, സ്വിറ്റ്‌സര്‍ലാന്‍ഡ്, യു.എസ്.എ, മെക്‌സിക്കൊ, ജപ്പാന്‍, സെനഗല്‍, ഇറാന്‍ എന്നിവയാണ് പത്ത് മുതല്‍ 20 വരെ റാങ്കില്‍.
17 സ്ഥാനം മുന്നോട്ടുകയറി 37ലെത്തിയ വെനിസ്വേലയാണ് ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. കോപ അമേരിക്ക ക്വാര്‍ട്ടര്‍ പ്രവേശനമാണ് അവര്‍ക്ക് തുണയായത്. അതേസമയം, ചെക്ക് റിപ്പബ്ലിക്കിനാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. 13 സ്ഥാനം പിറകോട്ടുപോയ അവര്‍ 47ാം സ്ഥാനത്തേക്ക് പതിച്ചു.
റാങ്കിങ്ങില്‍ ഇന്ത്യ 124ാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും തോല്‍വി വഴങ്ങിയതോടെ ജൂണില്‍ പുറത്തുവന്ന പട്ടികയില്‍ ഇന്ത്യ മൂന്ന് സ്ഥാനം പിറകോട്ടിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 99ാം റാങ്കിലെത്തിയിരുന്ന ഇന്ത്യ അതിന് ശേഷം ഓരോ റാങ്കിങ്ങിലും താഴേക്ക് ഇറങ്ങുകയായിരുന്നു. ഏഷ്യയില്‍ ഇന്ത്യ 22ാം സ്ഥാനം നിലനിര്‍ത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





