ബ്യൂണസ്‌ഐറിസ്: ഫ്രഞ്ച് ക്ലബായ പി.എസ്.ജി വിട്ട സൂപ്പര്‍താരം ലയണല്‍ മെസിയുടെ തട്ടകം ഇനി ഇന്റര്‍ മയാമിയില്‍. അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയുമായി താരം രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചത്. താരം പഴയ തട്ടകമായ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. ഇംഗ്ലീഷ് ഇതിഹാസതാരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റര്‍ മയാമി.
|
സ്വപ്‌നസമാന ടീമായ പി.എസ്.ജി യില്‍ കാലെടുത്തുവച്ച മെസിക്ക് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനായില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടം പാര്‍ക്ക് ദേ പ്രിന്‍സില്‍ എത്തിക്കുക എന്നതായിരുന്നു സൂപ്പര്‍ താര നിരയിലൂടെ പി.എസ്.ജി ഉടമസ്ഥന്‍ നാസര്‍ അല്‍ ഖിലാഫിയുടെ ലക്ഷ്യം. എന്നാല്‍ മെസിക്കും സംഘത്തിനും ഇതിനായില്ല. ഇതോടെ പിഎസ്ജി ആരാധകര്‍ മെസിക്കെതിരെ തിരിഞ്ഞതോടെയാണ് അദ്ദേഹത്തെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പുറമെ കരീം ബെന്‍സിമയും എന്‍ഗോളോ കാന്റെയും സൗദിയിലേക്ക് എത്തുകയും, ഉറ്റ സുഹൃത്തുക്കളായ സെര്‍ജിയോ ബുസ്‌കെറ്റ്‌സും ഡേവിഡ് ആല്‍ബയും സൗദി പ്രോ ലീഗില്‍ കരാര്‍ ഒപ്പിടും എന്ന അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്തതോടെ മെസ്സി അല്‍ ഹിലാലില്‍ എത്തുമെന്ന് കരുതിയിരുന്നു. സൗദി ക്ലബായ അല്‍ ഹിലാല്‍ എകദേശം 3270 കോടി രൂപയാണ് മെസിക്ക് വാഗ്ദാനം ചെയ്തത്.
അതേസമയം, യു.എസ് ലീഗിലേക്ക് പോകുന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെ ബാഴ്‌സയില്‍ പോകാനായിരുന്നു ആഗ്രഹമെന്ന് മെസ്സി വെളിപ്പെടുത്തി. ബാഴ്‌സലോണയിലേക്ക് പോകാനായിരുന്നു ആഗ്രഹമെന്നും തന്നെ ടീമിലെടുക്കുന്നതിനായി നിലവിലെ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി വെച്ച് അവര്‍ ഫോര്‍മുല കണ്ടെത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കൂടി കഴിഞ്ഞ തവണ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് കടന്നു പോയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ താത്പര്യമില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.
മെസ്സി യു.എസ് ലീഗില്‍ എത്തിയതോടെ ലീഗിന്റെ താരമൂല്യവും കൂടും. മലയാളികളുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ ഇനി യു.എസ് ലീഗ് കാണും. ഇന്ത്യന്‍ സമയം ഏകദേശം അതിരാവിലെയ 4, 5 , 6 മണി സമയങ്ങളിലാണ് യു.എസ് ലീഗ് മത്സരങ്ങള്‍ നടക്കാറുള്ളത്.


