തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നുവെന്ന് റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്‌നാട് – കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
|
സിഗ്‌നൽ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിൽ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാർ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളിൽ നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇന്നലെയോടെ 15 കിലോമീറ്റർ ദൂരമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. ഇതോടെയാണ് അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് വിലയിരുത്തുന്നത്.
15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്.ഒ. അറിയിച്ചു.





