ന്യുഡല്‍ഹി: രാജ്യം നാളെ സ്വതന്ത്രദിനം ആഘോഷിക്കാനിരിക്കെ ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്. കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. (Army officer Captain Deepak Singh killed in action after an encounter in the Assar area of Jammu Kashmir’s Doda district).
|
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തിയപ്പോഴാണ് സംഭവം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ദീപക് സിങ് കൊല്ലപ്പെട്ടത്. നാലംഗ ഭീകരസംഘമാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രദേശവാസിക്കും പരിക്കേറ്റു.
ഇന്നലെ വൈകീട്ടോടെയാണ് ഭികരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടിലിനിടെയാണ് ക്യാപ്റ്റന്‍ ദീപക് സിങ്ങ് വീരമൃത്യ വരിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ‘ഡോഡ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒപ് അസാറിനിടെ 48 രാഷ്ട്രീയ റൈഫിള്‍സിലെ ഇന്ത്യന്‍ ആര്‍മിയുടെ ഒരു ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു. ഓപ്പറേഷന്‍സ് ഇപ്പോഴും പുരോഗമിക്കുകയാണ്- പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരവിരുദ്ധ ഓപ്പറഏഷനുകളെക്കുറിച്ച് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ധരിപ്പിച്ചതായും സൈന്യം അറിയിച്ചു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിര്‍മ്മിത M4 റൈഫിള്‍, വസ്ത്രങ്ങള്‍, മൂന്ന് റക്‌സക്കുകള്‍ എന്നിവയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
IN JAMMU KASHMIR





