|
കൊല്ലം: കിളികൊല്ലൂരില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ സംഘത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സൈനികനും സഹോദരനും എഎസ്ഐയെ സ്റ്റേഷനിലെത്തി ആക്രമിച്ചു. കിളികൊല്ലൂര്‍ എഎസ്ഐ പ്രകാശ് ചന്ദ്രനാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
പ്രതികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇവർ പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിൽ, സൈനികനായ കൊറ്റങ്കര ഇന്ദീവരത്തില്‍ വിഷ്ണു (30), സഹോദരന് വിഘ്നേഷ് (25) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ എഎസ്ഐയെ മേവറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഡിഎംഎയുമായി പിടിയിലായ സംഘത്തെ വിട്ടയക്കണമെന്ന് പറയാനാണ് പ്രതികള്‍ സ്റ്റേഷനിലെത്തിയത്. പിടിയിലായ സംഘത്തെ കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
റൈറ്റര്‍ ഡ്യൂട്ടിയിലായിരുന്ന പ്രകാശ് ചന്ദ്രനോട് സംഘത്തെ ജാമ്യത്തില്‍ വിടണമെന്ന് പറഞ്ഞപ്പോള്‍ അവരെ കോടതിയില്‍ ഹാജരാക്കാന്‍ പോവുകയാണെന്ന് മറുപടി നല്കി.
ഇതോടെ പ്രകോപിതനായ വിഷ്ണു കൈയിലെ വള കൊണ്ട് എഎസ്ഐയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കരിക്കോടിലെ ഒരു ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി ദമ്പതികളടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ക്കിടെയായിരുന്നു ആക്രമണം.



