23
Jan 2025
Fri
23 Jan 2025 Fri
Around 60 Sangh Parivar activists, including Yuva Morcha district secretary and RSS mandal physical leader, joined CPM

പത്തനംതിട്ട: യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ബിജെപി ജില്ല ഐടി സെല്‍ കണ്‍വീനര്‍ വിഷ്ണുദാസ് അടക്കം നിരവധി പേര്‍ പത്തനംതിട്ടയില്‍ സിപഎമ്മില്‍ ചേര്‍ന്നു. (Around 60 Sangh Parivar activists, including Yuva Morcha district secretary and RSS mandal leader, joined CPM) 60 പേര്‍ സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മില്‍ ചേര്‍ന്നതായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി.എസ്. പ്രണവ്, എ.ബി.വി.പി ജില്ല കമ്മിറ്റിയംഗം ശിവപ്രസാദ്, ആര്‍.എസ്.എസ് നാരങ്ങാനം മണ്ഡലം വിദ്യാര്‍ഥി പ്രമുഖ് ശരത് എന്നിവരും പാര്‍ട്ടി മാറിയവരില്‍ ഉള്‍പ്പെടും.

കുറെ നാളായി ബി.ജെ.പി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവര്‍ വിട്ടു നില്‍ക്കയായിരുന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജിത്തു രഘു നാഥ് സ്ഥാനം രാജി വയ്ക്കാതെയാണ് സി.പി.എമ്മിലേക്കു വന്നത്.

ALSO READ: തെരുവുനായ്ക്കളെ ഓടിക്കാന്‍ മുത്തച്ഛന്‍ വച്ച വെടികൊണ്ടത് അഞ്ചുവയസ്സുകാരനായ പേരക്കുട്ടിക്ക്

ബി.ജെ.പി നേതൃത്വവുമായി ഏറെ നാളായി തുടര്‍ന്ന പ്രശ്‌നങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണു പറയുന്നത്. ഉപാധികളില്ലാതെയാണ് സി.പി.എമ്മില്‍ ചേര്‍ന്നതെന്നും കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും ഇവര്‍ അറിയിച്ചു.

പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജില്‍ നടന്ന ചടങ്ങില്‍ സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.

ഏരിയ സെക്രട്ടറി എം.വി സഞ്ജു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം എന്‍. സജികുമാര്‍, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. നിസാം, ജില്ല കമ്മിറ്റിയംഗങ്ങളായ സൂരജ് എസ്. പിള്ള, സോബി ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് ബി.ജെ.പി ജില്ല ഐ.ടി സെല്‍ കണ്‍വീനറായിരുന്ന വിഷ്ണുദാസ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ‘ലോകം കണ്ട മഹത്തരമായ ആശയം, കുട്ടിക്കാലം മുതലെ പുസ്തകങ്ങള്‍ വഴി പഠിച്ചു വളര്‍ന്ന ആശയം. സാധാരണക്കാരെന്റയും പട്ടിണിക്കാരന്റെയും ആശയം. തൊഴിലാളികള്‍ക്കായി ക്യാപിറ്റലിസത്തിനെതിരായി പൊരുതിയ ജ്വാലാമുഖമായ ആശയം. ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം തന്ന പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ക്ക് നന്ദി അറിയിക്കുന്നു’ -വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.

ബി.ജെ.പിയില്‍നിന്നുള്ള അവഗണനയെ തുടര്‍ന്ന് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ മാസം 29ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വിഷ്ണു വ്യക്തമാക്കിയിരുന്നു. ഐ.ടി സെല്ലില്‍നിന്ന് ബി.ജെ.പി പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇത്.

കുറിപ്പിന്റെ പൂര്‍ണരൂപം: ‘യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ജില്ലാ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് എന്നീ ചുമതലകളില്‍ പണി എടുത്തു തന്നെയാണ് എത്തിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തിന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ശ്രീ സി.ടി രവിയില്‍ നിന്നും, സംസ്ഥാന അധ്യക്ഷന്‍ ശ്രീ കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി രമേശ് ജിയില്‍ നിന്നും അനുമോദനങ്ങള്‍ കിട്ടിയിട്ടുണ്ട്.
എന്നാല്‍ 21 വയസില്‍ എന്റെ തലയില്‍ വെച്ച് തന്ന പൊന്‍ തൂവല്‍ ആറന്മുള കേസില്‍ ജാമ്യം ഇല്ല വകുപ്പില്‍ കേസ്, ശബരിമല, അവസാനം അടൂര്‍ കേസ് ഒരു മാസം കാലയളവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു.
എല്ലാം അംഗീകരിക്കാം കൂടെ നിന്ന് കാലുവാരി. അത് ജില്ലാ അധ്യക്ഷനെ അറിയിച്ചതുമാണ്. യാതൊരു സഹായവും ചെയ്തു തന്നിട്ടില്ല. ഇപ്പോള്‍ അകാരണീയമായി എന്നെ മാത്രം ഒഴിവാക്കിയിരിക്കുന്നു. ഒരു സമയത്ത് ജില്ലാ പ്രസിഡന്റ് എന്റെ രാഷ്ട്രീയ ഗുരു ശ്രീ.സൂരജേട്ടന്‍ പോലും മറ്റു വിഷയങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ സംസാരിക്കുവാനായി ഏല്‍പ്പിക്കാറുണ്ടായിരുന്നു. ഇന്ന് എനിക്ക് വേണ്ടി സംസാരിക്കുവാനൊ എന്റെ രാഷ്ട്രീയ സംബന്ധമായി സമരങ്ങളില്‍ നിന്നും ഉണ്ടായ കേസുകള്‍ നോക്കുവാന്‍ സംഘടനയില്ല. നല്ലൊരു രാഷ്ട്രീയ നേതാവിന് പക്വതയാണ് വേണ്ടത്. എന്നാല്‍ ഞാനിത് പറയുവാനുണ്ടായ സാഹചര്യം മാനസികമായി കുറച്ചു വര്‍ഷങ്ങളായി അനുഭവിക്കുന്ന വിഷമങ്ങള്‍ മൂലമാണ്… .ബിജെപി രാഷ്ട്രീയവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു.’