01
Feb 2024
Tue
01 Feb 2024 Tue

ഇനിയൊരു പള്ളിയും വിട്ടുതരില്ല, ഇനി മുസ്ലിംകള്‍ വഞ്ചിക്കപ്പെടില്ല; രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് മാസ് മാറുപടിയുമായി ഉവൈസി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രണ്ടു മസ്ജിദുകള്‍ കൂടി വിട്ടുതന്നാല്‍ മറ്റു പള്ളികളില്‍ അവകാശവാദം ഉന്നയിക്കില്ലെന്ന രാമജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ്‌ദേവ് ഗിരി മഹാരാജിന്റെ പ്രസ്താവനയ്ക്ക് മാസ് മറുപടിയുമായി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കഴിഞ്ഞത് കഴിഞ്ഞെന്നും ഇനിയൊരു പള്ളിയും മുസ്‌ലിംകള്‍ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും ഉവൈസി വ്യക്തമാക്കി. ഗ്യാന്‍വാപി വിഷയത്തില്‍ അനുരഞ്ജനത്തിനുള്ള സാധ്യകളെല്ലാം തള്ളിക്കളഞ്ഞ അദ്ദേഹം, മതി, ഇനി ഒരു മസ്ജിദും ഞങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും ഇതിവിടെ അവസാനിക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞു. രാജ്യത്തെ എല്ലാ പള്ളികളുടെയും സംരക്ഷണത്തിനായി ഞങ്ങള്‍ നിയപരമായി പോരാടും. ഞങ്ങളുടെ കൈയിലുള്ള രേഖകളെല്ലാം കോടതിയില്‍ സമര്‍പ്പിക്കും. ഗ്യാന്‍വാപിയില്‍ ഞങ്ങള്‍ നമസ്‌കാരം തുടര്‍ന്നുവരുന്നതാണ്. ബാബരി മസ്ജിദ് കേസില്‍ അവിടെ നമസ്‌കാരമൊന്നും നടക്കുന്നില്ലെന്നായിരുന്നല്ലോ വാദം. എന്നാല്‍, ഇവിടെ നിരന്തരമായി പ്രാര്‍ത്ഥന നടക്കുന്നുണ്ട്. 1993 മുതല്‍ ഒരു പൂജയും അവിടെ നടന്നിട്ടില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ഗ്യാന്‍വാപി പള്ളിക്കു താഴെ ഹിന്ദു നിര്‍മിതികള്‍ കണ്ടെത്തിയെന്ന റിപോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നാളെ രാഷ്ട്രപതി ഭവന്റെ താഴെ കുഴിച്ചുനോക്കിയാല്‍ എന്തെങ്കിലും കിട്ടും. നൂറുവര്‍ഷക്കാലമായി നമസ്‌കാരം നടന്നുവരുന്ന സ്ഥലമാണിത്. ഞങ്ങള്‍ കോടതിയില്‍ നിയമയുദ്ധം നടത്തിക്കൊള്ളാം. മറുവിഭാഗം ഡിസംബര്‍ ആറ് ആവര്‍ത്തിക്കാനാണ് നോക്കുന്നതെങ്കില്‍ നമുക്കു കാണാം, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. ഞങ്ങള്‍ ഒരിക്കല്‍ വഞ്ചിക്കപ്പെട്ടതാണ്. ഇനിയും വഞ്ചനയ്ക്കിരയാകാനില്ലല്ലെന്നും ഉവൈസി ഓര്‍മിപ്പിച്ചു.

ബാബരി മസ്ജിദ് തകര്‍ത്ത് കോടതിയുടെ പിന്തുണയോടെ അതിന്റെ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിച്ച് അതില്‍ പ്രതിഷ്ഠയും നടത്തിയതിന് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വാപി പള്ളി, മഥുര ഈദ്ഗാഹ് മസ്ജിദ് എന്നിവയ്ക്കായുള്ള ഹിന്ദുത്വശക്തികളുടെ മുറവിളികള്‍ക്കിടെയാണ് ഉവൈസിയുടെ പ്രതികരണം.

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുര ഈദ്ഗാഹ് പള്ളികള്‍ കൂടി മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്കു വിട്ടുനല്‍കണമെന്നും ഈ രണ്ടു വിഷയങ്ങളും കൂടി രമ്യമായി പരിഹരിച്ചാല്‍ മറ്റു പള്ളികള്‍ക്കു പിന്നാലെ ഹിന്ദുക്കള്‍ വരില്ലെന്നുമാണ് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ്‌ദേവ് ഗിരി മഹാരാജ് പറഞ്ഞത്. ഭൂതകാലത്തല്ല, ഭാവി ജീവിതത്തിലേക്കാണു ഞങ്ങള്‍ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം. അയോധ്യ, ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി ഈ മൂന്നു ക്ഷേത്രങ്ങള്‍ സമാധാനപരമായി ലഭിച്ചാല്‍, മറ്റെല്ലാം ഞങ്ങള്‍ മറക്കാന്‍ തയ്യാറാണ്. മൂന്ന് ക്ഷേത്രങ്ങള്‍ വിട്ടുകിട്ടിയാല്‍ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. മൂന്നു ക്ഷേത്രങ്ങളുടെ കാര്യത്തിലും കൈകൂപ്പിയാണ് താന്‍ അപേക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.