സംഗീത സംവിധായകൻ രമേശ് നാരായണൻ തന്നിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയും അതേ പുരസ്കാരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ആസിഫ് അലി. സംഭവത്തിൽ ആസിഫ് അലിയെ അനുകൂലിച്ചും രമേശ് നാരായണനെ വിമർശിച്ചും സാമൂഹിക മാധ്യമങ്ങളിൽ നിർലോഭമായ പ്രതികരണങ്ങളുണ്ടായ സാഹചര്യത്തിൽ കൂടിയാണ് വിഷയത്തിൽ ഇതാദ്യമായി ആസിഫ് അലി പ്രതികരിച്ചത്.
|
തനിക്കുള്ള പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും എന്നാലത് മറ്റൊരാളോടുള്ള വിദ്വേഷ കാംപയിനാക്കി മാറ്റരുതെന്നും ആസിഫ് അഭ്യർഥിച്ചു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും. എന്നാൽ അത് താൻ പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.
രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്. തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം വിഷയത്തിൽ തന്നെ മനസ്സിലാക്കി പ്രതികരിച്ച ആസിഫ് അലിയോട് രമേശ് നാരായണൻ നന്ദി പറഞ്ഞു.


