ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി. അസം തലസ്ഥാനമായ ഗുവാഹത്തിക്കടുത്തുള്ള നൂൺമതിയിലാണ് കൊടുംക്രൂരത. സംഭവത്തിൽ ബന്ദന കാളിത (32) എന്ന യുവതിയും കാമുകൻ ധാന്ദി ദേക (32)യും സഹായി അരൂപ് ദേക (27)യും അറസ്റ്റിലായി.
|
കാമുകനുമായുള്ള വിവാഹേതരബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. കഴിഞ്ഞവർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായിരുന്നു കാമുകനുൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഭർത്താവ് അമർജ്യോതി ദേ, ഭർതൃമാതാവ് ശങ്കാരി ദേ എന്നിവരെ കൊലപ്പെടുത്തിയത്. രണ്ടു പേരുടെയും മൃതദേഹം വെട്ടിനുറുക്കുകയും പോളിത്തീൻ ബാഗിലാക്കി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു.
പിന്നീട്, കാമുകൻ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി അയൽസംസ്ഥാനമായ മേഘാലയയിലെത്തിച്ചു. അവിടെനിന്ന് ചിറാപുഞ്ചിയിലേക്ക് കൊണ്ടുപോയി കുഴിച്ചിടുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഭർതൃമാതാവിനെ ജൂലൈ 26നും ഭർത്താവിനെ ആഗസ്റ്റ് 17നുമാണ് കൊലപ്പെടുത്തിയത്.
അതേസമയം, ബന്ദനയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുഴിച്ചിട്ട ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് ശങ്കാരിയുടെ ശരീരഭാഗങ്ങൾ പൊലീസ് ചിറാപുഞ്ചിയിലെ ഖാസി മലനിരകളിൽ നിന്ന് കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം ആഗസ്റ്റ് 29ന് യുവതി തന്നെ പൊലീസിനെ സമീപിക്കുകയും ഭർത്താവിനേയും ഭർതൃമാതാവിനേയും കാണാനില്ലെന്ന് കാട്ടി പരാതി നൽകുകയും ചെയ്തു. തന്നെ സംശയിക്കാതിരിക്കാനായിരുന്നു ഇത്. എന്നാൽ നവംബറിൽ അമർജ്യോതിയുടെ ബന്ധു മറ്റൊരു തിരോധാന പരാതി നൽകി.
ഇതിൽ അമർജ്യോതിയുടെ ഭാര്യ ബന്ദനയെ സംശയമുണ്ടെന്നും ഭർതൃമാതാവിന്റെ അക്കൗണ്ടിൽ നിന്ന് യുവതി പണം പിൻവലിച്ചതായും പറഞ്ഞിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നെന്ന് ഗുവാഹത്തി പൊലീസ് കമ്മീഷണർ ദിഗാന്ദ ബാര പറഞ്ഞു. 12 വർഷം മുമ്പായിരുന്നു ബന്ദനയുടെയും അമർ ജ്യോതിയുടേയും വിവാഹം. ഇരു വീട്ടുകാരുടേയും സമ്മതമില്ലാതെ നടന്ന വിവാഹം പിന്നീട് അമർജ്യോതിയുടെ മാതാവ് അഗീകരിച്ചു.
എന്നാൽ അമർജ്യോതിക്ക് സ്ഥിരവരുമാനമില്ലാത്തത് ഇരുവരുടേയും ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായി. ഇതിനിടെ ബന്ദനയ്ക്ക് ഫിറ്റ്നസ് ട്രെയ്നറായി ഒരു ജിമ്മിൽ ജോലി കിട്ടിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. ഇത് അവരുടെ ബന്ധം വീണ്ടും വഷളാക്കി. പിന്നീടാണ് ധാന്ദി ദേകയുമായി അടുക്കുന്നത്. കാമുകനുമായുള്ള ബന്ധം കുടുംബം പിടികൂടിയിരുന്നു. ഇതിൽ വലിയ തർക്കവും നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്.



