Assembly election result 2026 live തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തേക്ക് തങ്ങളെ ആര് ഭരിക്കണം, കേരളജനത എന്തുവിധിച്ചെന്ന് അല്‍പസമയത്തിനകം തന്നെ അറിയാം. കേരളത്തിനൊപ്പം ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍കൂടി പുറത്ത് വരുമ്പോള്‍ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായക വഴിത്തിരിവുകള്‍ക്ക് കാരണമാകും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണിത്തുടങ്ങുക. തത്സമയ വിവരങ്ങള്‍ newstaglive.com ല്‍ അറിയാം.
|
പോസ്റ്റല്‍ വോട്ടുകളുടെ ആദ്യവിവരങ്ങള്‍ എട്ടേകാലോടെ ലഭ്യമായേക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിന്റെ വിവരങ്ങള്‍ 8.45നകം പുറത്തുവരും.
പതിറ്റാണ്ടുകള്‍ക്കിടെ കേരളം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാതിരഞ്ഞെടുപ്പിന്റെ പരിസമാപ്തിയാണ് ഇന്ന് കുറിക്കുന്നത്. ചരിത്രംകുറിച്ച് രണ്ടുവട്ടം തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഇടതുമുന്നണിയെ കേരളം ഒരുവട്ടം കൂടി അധികാരത്തിലേറ്റിയാല്‍ സമാനതകളില്ലാത്ത നേട്ടമാകും അത്. ഒരുപതിറ്റാണ്ട് അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിനും യുഡിഎഫിനും ഈ തിരഞ്ഞെടുപ്പുഫലം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ബിജെപിക്ക് കിട്ടുന്ന ഏതുസീറ്റും കേരളത്തില്‍ അവരുടെ ഭാവി മുന്നേറ്റത്തിന് അടിത്തറയാകുകയും ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖവും മുനയും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുഫലത്തിന്റെ ഉത്തരവാദിത്തവും അദ്ദേഹത്തിന് തന്നെയായിരിക്കും. എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവായി എത്തുമോ എന്ന ചോദ്യവും അദ്ദേഹത്തെ ഉറ്റുനോക്കുന്നുണ്ട്.
ALSO READ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഈ വെബ്‌സൈറ്റുകളില്‍ തല്‍സമയം അറിയാം
പരാജയപ്പെട്ടാലാണ് എല്‍ഡിഎഫിനും സിപിഎമ്മിനും തലപുകയ്‌ക്കേണ്ടിവരികയെങ്കില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ജയമാകും കൂടുതല്‍ തലവേദന. ആര് മുഖ്യമന്ത്രിയാകും എന്നതില്‍ ഒരുകാലത്തുമില്ലാത്ത മല്‍സരവും പോരാട്ടവുമാണ് ഫലം വരുന്നതിന് മുന്‍പുതന്നെ നടക്കുന്നത്. ഇക്കുറി കരുത്തുതെളിയിച്ചില്ലെങ്കില്‍ ബിജെപിയുടെ കേരളനേതൃത്വത്തില്‍ ചൂടുള്ള ഒരുപാട് ചോദ്യങ്ങള്‍ ദേശീയനേതൃത്വത്തില്‍ നിന്ന് നേരിടേണ്ടിവരും. ഒന്നിലേറെ സീറ്റുകള്‍ നേടിയാല്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന പേര് ദേശീയതലത്തില്‍ത്തന്നെ തിളങ്ങും.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 62 സീറ്റ് നേടിയ സിപിഎമ്മും 17 സീറ്റ് നേടിയ സിപിഐയും ഇക്കുറി മിക്ക സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കിയിരുന്നു. അവരുടെ പ്രകടനമാകും അന്തിമഫലത്തില്‍ നിര്‍ണായകമാകുക. പകുതിയിലേറെ മന്ത്രിമാരുടെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ഉറപ്പുമില്ല എന്നാണ് മുന്നണി നേതൃത്വത്തിന്റെ ചിന്ത.
കോണ്‍ഗ്രസിന് 2021ല്‍ 21 സീറ്റ് മാത്രമേ നേടാനായിരുന്നുള്ളു. 15 സീറ്റ് നേടിയ മുസ്‌ലിം ലീഗാണ് യുഡിഎഫില്‍ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ഇക്കുറി കോണ്‍ഗ്രസ് രണ്ടിരട്ടി സീറ്റുകള്‍ നേടിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുന്ന നിലയുണ്ടാകും. അതുതന്നെയാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രധാന ആശങ്ക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





