ജിദ്ദ: പക്ഷാഘാതത്തെ തുടര്‍ന്ന് അത്തോളി സ്വദേശി സൗദിയിലെ ജിദ്ദയില്‍ മരിച്ചു. കൊങ്ങന്നൂര്‍ കിഴക്കേക്കര താഴെ കുന്നുമ്മല്‍ മോഹനന്റെയും പുഷ്പയുടെയും മകന്‍ കെ മനേഷ്(മിഥുന്‍-33) ആണ് മരിച്ചത്. ജിദ്ദ എയര്‍പോര്‍ട്ടില്‍ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തില്‍ ബാഗേജ് ഓപറേറ്ററായിരുന്നു. സ്‌ട്രോക്കിനെ തുടര്‍ന്ന് ജിദ്ദ സൗദി ജര്‍മന്‍ ആശുപത്രിയില്‍ തീവ്ര പരിചരണത്തില്‍ 10 ദിവസമായി വെന്റിലേറ്ററില്‍ ചികില്‍സയിലിരിക്കെ ശനി പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4ഓടെയായിരുന്നു മരണം.
|
ഒക്ടോബര്‍ മാസം 24ന് വൈകീട്ട് 7ഓടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മനേഷിനെ എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ എത്തിച്ചത്. 6 മണിക്കൂര്‍ കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍ മാറ്റം കാണാത്തതിനെ തുടര്‍ന്ന് ജിദ്ദ ജര്‍മന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃത്യമായ പ്രാഥമിക ചികിത്സയും തുടര്‍ന്നുള്ള സര്‍ജറിയും വൈകിയതാണ് മനേഷിന്റെ മരണകാരണമെന്നാണ് വിലയിരുത്തല്‍.
2015 ലാണ് മനേഷിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കുന്നത്. ഇതിനിടെ രണ്ടുതവണ നാട്ടില്‍പോയി വന്നു. കോവിഡ് വ്യാപന സാഹചര്യത്തില്‍ നാട്ടില്‍പോയ മനേഷ് ഒന്നര വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 1നാണ് നാട്ടില്‍ നിന്ന് പഴയ കമ്പനിയില്‍ തന്നെ ജോലിക്കെത്തിയത്.
ഭാര്യ: അനഘ(ചേലിയ), മകന്‍ വിനായക്(ഒരു വയസ്). മഹിഷ വിജീഷ് (മുചുകുന്ന്) സഹോദരിയാണ്.


