വാഷിങ്ടണ്‍: ഇസ്രേയേലിനും സഖ്യ കക്ഷികള്‍ക്കും നേരെ പശ്ചിമേഷ്യയില്‍ തിരിച്ചടി ശക്തമാവുന്നു. (Attack on US Military Base in Iraq; Hezbollah’s Rocket attack in Israel) ഇറാഖിലെ യു.എസ് സൈനിക താവളത്തിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം.
|
തിങ്കളാഴ്ച പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍അസദ് വ്യോമകേന്ദ്രത്തിനു നേര്‍ക്കാണ് രണ്ട് കത്യുഷ റോക്കറ്റ് ആക്രമണം നടന്നത്. ഒരു റോക്കറ്റ് വ്യോമ കേന്ദ്രത്തിനുള്ളിലാണ് പതിച്ചതെന്ന് ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈനികരും സാധാരണക്കാരുമുള്‍പ്പെടെ ഏഴുപേര്‍ക്കാണ് പരിക്കേറ്റതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റ യു.എസ് സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ALSO READ: മധ്യസ്ഥ ശ്രമങ്ങള്‍ പാളി; ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇറാന്‍
സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും വിവരമറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളില്‍ റോക്കറ്റ് വര്‍ഷം
ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിലെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം. സിവിലിയന്‍ ഉള്‍പ്പടെ 19 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അയേണ്‍ ഡോമിന്റെ പ്രതിരോധ മിസൈല്‍ വഴിതെറ്റി പതിച്ചതാണ് ഒരാള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്നും സൈന്യം വ്യക്തമാക്കി.
ആക്രമണം നടന്ന വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകളാണ് ലബനാനില്‍ നിന്നും എത്തിയത്. ഇതില്‍ ഒന്നിനെ തകര്‍ത്തുവെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. തെക്കന്‍ തീരദേശ നഗരമായ നഹറിയയിലാണ് ഡ്രോണ്‍ പതിച്ചതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ബസ് സ്റ്റോപ്പുകളിലൊന്നിലാണ് ഡ്രോണ്‍ പതിച്ചതെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ആക്രമണം നടത്തിയ വിവരം ഹിസ്ബുല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഗോലാനി ബ്രിഗേഡിന് നേരെയാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല അറിയിച്ചിട്ടുണ്ട്. ലെബാനാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല അറിയിച്ചു.
ലെബനാനിലെ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല അറിയിച്ചു. ശക്തമായ തിരിച്ചടി വരാനിരിക്കുന്നതേയുള്ളുവെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. നിരവധി റോക്കറ്റുകള്‍ ഇസ്രായേലിന്റെ അയേണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനം തടയുകയും ചെയ്തിരുന്നു.
ഇറാനിലെ തെഹ്‌റാനില്‍ ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയും ലബനാനിലെ ബൈറൂതില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ശുക്‌റും കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കുകയാണ്.


