തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആര്‍എസ്എസ് ബിജെപി പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. സമുദായ സന്തുലനമെന്ന പേരിലാണ് മുന്‍കാലങ്ങളില്‍ മന്ത്രിമാരുടെ സ്റ്റാഫിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കാന്‍ നീക്കം. ഇതിനെതിരേ പാര്‍ട്ടിയുടെ സര്‍വീസ് സംഘടനകള്‍ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
|
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എന്നിവരുടെ സ്റ്റാഫിലുണ്ടായിരുന്ന ചില തിരുവനന്തപുരം സ്വദേശികള്‍ക്കെതിരെയാണ് പ്രധാനമായും ആക്ഷേപം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എന്നിവരുടെ കാലത്ത് സ്റ്റാഫിലുണ്ടായിരുന്നവരും വിരമിച്ച് പതിറ്റാണ്ടു പിന്നിട്ടവരുമായ വിജയകുമാരന്‍, ബാലു, സതീശന്‍ തുടങ്ങിയര്‍ യു ഡി എഫ് പശ്ചാത്തലമുള്ളവരല്ലെന്നാണ് ആക്ഷേപം. ഇവര്‍ ആര്‍എസ്എസ് അനുകൂലികളാണെന്നാണ് ആരോപണം.
മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധം
കുഞ്ഞാലിക്കുട്ടിയുടെ പിഎസ് ആയിരുന്ന അന്തരിച്ച അബ്ബാസ് സേട്ട് ജീവിച്ചിരുന്ന കാലത്ത് ഇത്തരം ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം ഈ വിഭാഗം പിടിമുറുക്കുകയും ലീഗ് അനുഭാവികളായ ജീവനക്കാര്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെടുകയുമായിരുന്നു. അക്കാലത്ത് നടന്ന നിയമനങ്ങളും സ്ഥലംമാറ്റങ്ങളും അലോട്ട്മെന്റുകളും യുഡിഎഫിന്റെയും ലീഗിന്റെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി, ബിജെപി സര്‍വീസ് സംഘടനകളെ സഹായിക്കുന്ന രീതിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്.
അന്ന് ഈ വിഷയത്തില്‍ യുഡിഎഫ് അനുകൂല സംഘടനകള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും അന്നത്തെ ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ഇതില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. എന്നാല്‍, രാഷ്ട്രീയ നിലപാടുകളില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളെ സ്വാധീനിക്കാന്‍ ഈ സംഘം കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടത്തിയിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് തൊട്ടുപിന്നാലെ, സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ അധികാരകേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ളവര്‍ സജീവമായി രംഗത്തിറങ്ങിയത് ലീഗ് അണികളിലും അനുഭാവികളിലും എതിര്‍പ്പിന് കാരണമായിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്നവരെ തഴഞ്ഞ് രാഷ്ട്രീയ എതിരാളികളുമായി ബന്ധമുള്ളവര്‍ക്ക് വഴിവിട്ട നിയമനം നല്‍കരുതെന്നാണ് പോഷക സംഘടനകളുടെ ആവശ്യം.


