മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തില്‍ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് മെച്ചപ്പെട്ട സ്‌കോര്‍. ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 474ന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ബുംറ നാലുവിക്കറ്റ് നേടി. സ്മിത്ത് 197 പന്തില്‍ 140 റണ്‍സെടുത്തു. ആകാശ് ദീപ് ആണ് സ്മിത്തിനെ പുറത്താക്കിയത്. വാലറ്റനിരയില്‍ പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് സ്മിത്തിന്റെ മടക്കം.
|
ടെസ്റ്റിന്റെ ഒന്നാംദിവസമായ ഇന്നലെ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 63 പന്തില്‍ 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഇന്ന് ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ നിതീഷ് റെഡ്ഡി ക്യാച്ചെടുക്കുകയായിരുന്നു.
സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന്‍ (145 പന്തില്‍ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (13 പന്തില്‍ നാല്), അലക്‌സ് ക്യാരി (41 പന്തില്‍ 31), മിച്ചല്‍ സ്റ്റാര്‍ക്ക് 15 എന്നിവരാണു പുറത്തായ മറ്റ് ഒസീസ് ബാറ്റ്‌സ്മാന്‍മാര്‍.
89 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും ആതിഥേയര്‍ക്കായി കൂട്ടിച്ചേര്‍ത്തത്. സാം കോണ്‍സ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ കെ.എല്‍ രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടന്‍ സുന്ദറിനാണ് ലബുഷെയ്‌ന്റെ വിക്കറ്റ് ലഭിച്ചത്. പിന്നാലെ ഹെഡിനെയും മാര്‍ഷിനെയും ബുമ്ര മടക്കി.
സ്‌കോര്‍ 299ല്‍ നില്‍ക്കെ അലക്‌സ് ക്യാരിയെ ആകാശ്ദീപ് ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയും ചെയ്തതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. പരമ്പര നിലവില്‍ 1- 1 എന്ന നിലയിലാണ്.
Australia all out for 474, Bumrah takes four wickets


