ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഫൈനലിൽ 209 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. 2021 ഫൈനലിൽ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപിച്ചിരുന്നു.
|
ഇതോടെ മൂന്ന് ഫോർമാറ്റിലും ലോക കിരീടം നേടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി. നേരത്തെ ഏകദിന, ടി20 ലോക കിരീടങ്ങൾ അവർക്ക് സ്വന്തമായിരുന്നു.
അഞ്ചാം ദിനമായ ഇന്ന് വിരാട് കോഹ്‌ലി അജിൻക്യ രഹാനെ സഖ്യം ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. സ്‌കോട്ട് ബോളണ്ടിന്റെ ഇട്ട പ്രഹരത്തിൽ ഇന്ത്യ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായി.
ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിരാട് കോഹ്‌ലിയേയും തൊട്ടു പിന്നാലെ രവീന്ദ്ര ജഡേജയേയും നഷ്ടമായി. കോഹ്‌ലി 49 റൺസുമായി മടങ്ങി. സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അദ്ദേഹത്തെ ഉജ്ജ്വല ക്യാച്ചിൽ പുറത്താക്കി. തൊട്ടു പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ വീണു. താരം വിക്കറ്റ് കീപ്പർ അലക്‌സ് കാരിക്ക് ക്യാച്ച് നൽകി മടങ്ങി.
പിന്നീട് ശ്രീകർ ഭാരതിനെ കൂട്ടുപിടിച്ച് രഹാനെ പോരാട്ടം നയിച്ചു. ഈ സഖ്യം നിലയുറപ്പിക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചു. എന്നാൽ മിച്ചൽ സ്റ്റാർക്ക് ആ പ്രതീക്ഷകളെ തല്ലിക്കെടുത്തി. രഹാനെയെ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ കൈകളിൽ എത്തിച്ചു. തൊട്ടു പിന്നാലെ നതാൻ ലിയോൺ ശാർദുൽ ഠാക്കൂറിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യയെ കടുത്ത പ്രതിരോധത്തിലേക്ക് വീഴ്ത്തി.
ഉമേഷ് യാദവും ക്ഷണത്തിൽ മടങ്ങി. താരം ഒരു റൺസാണ് കണ്ടെത്തിയത്. സ്റ്റാർക്കിന്റെ പന്തിൽ അലക്‌സ് കാരിക്ക് ക്യാച്ച് നൽകിയാണ് ഉമേഷ് പുറത്തായത്.
അൽപ്പ നേരം പിടിച്ചു നിന്ന ശ്രീകർ ഭരത് കൂടുതൽ പ്രതിരോധത്തിന് നിൽക്കാതെ മടങ്ങി. താരം 41 പന്തിൽ 23 റൺസെടുത്തു. നതാൻ ലിയോൺ സ്വന്തം പന്തിൽ ഭരതിനെ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. ഒടുവിൽ മുഹമ്മദ് സിറാജിനെ വീഴ്ത്തി ലിയോൺ ഇന്ത്യയുടെ പതനം പൂർത്തിയാക്കി.
ഓസീസിനായി നതാൻ ലിയോൺ നാല് വിക്കറ്റുകൾ വീഴ്ത്തി അഞ്ചാം ദിനം ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകളും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റൺസുമായി പുറത്തായി. ബോളണ്ടിനാണ് വിക്കറ്റ്. കാമറോൺ ഗ്രീനിന് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്.


