07
Nov 2023
Mon
07 Nov 2023 Mon

130 കോടി ജനത ഭയന്നത് തന്നെ സംഭവിച്ചു, പടിക്കല്‍ കലമുടച്ച് ഇന്ത്യ; ഇപ്പോഴും വിശ്വസിക്കാനാകാതെ ആരാധകര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ്: ലീഗ് റൗണ്ടിലും പിന്നീട് സെമി ഫൈനലിലുമെല്ലാം തോല്‍വിയറിയാതെ കുതിച്ച ഇന്ത്യ ഫൈനലില്‍ കലമുടക്കുമോയെന്ന, 130 കോടി ജനത ഭയപ്പെട്ട കാര്യം തന്നെ ഇന്നലെ സംഭവിച്ചിരിക്കുന്നു. അതുവരെ എതിര്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടാന്‍ വിഷമിച്ച ബാറ്റിങ് നിര ഇന്നലെ പരാജയപ്പെട്ടു. അതുവരെ എതിര്‍ ബാറ്റിങ് നിരയെ കഷക്കിയെറിഞ്ഞ ഷമിയുള്‍പ്പെടെയുള്ള ഇന്ത്യയുടെ ബൗളിങ് നിരയും ലക്ഷ്യംകാണാതെ പന്തെറിഞ്ഞ് കൊണ്ടിരുന്നു. ഫലം, 2003 ഫൈനലിലെ തോല്‍വിക്ക് പ്രതിക9രം തീര്‍ക്കാനിറങ്ങിയ ഇന്ത്യയെ വീണ്ടും തോല്‍പ്പിച്ച് ഓസീസ് വിജയം ആവര്‍ത്തിച്ചു. സ്വന്തം മണ്ണില്‍ മൂന്നാം ലോകകിരീടം ഉയര്‍ത്താമെന്ന ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ഓസ്‌ട്രേലിയ തല്ലിക്കെടുത്തി.

ലോകകപ്പില്‍ സെമിഫൈനല്‍ വരെ പത്തു മത്സരങ്ങളില്‍ സമ്പൂര്‍ണ ജയം നേടിയെത്തിയ ഇന്ത്യയ്ക്കു മേല്‍ ബോളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലര്‍ത്തിയാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്. തുടക്കത്തില്‍ ഓസീസ് ബോളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയുടെ ടീം സ്‌കോര്‍ 240ല്‍ ഒതുങ്ങി. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലെ പതര്‍ച്ചയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഓസീസ് ബാറ്റര്‍മാര്‍ കളിയില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ന്നു. പത്തു വര്‍ഷത്തിനു ശേഷം ഐസിസി ട്രോഫി നേടുകയെന്ന ആഗ്രഹത്തിന് ഇനിയും അവധി നല്‍കേണ്ടിയിരിക്കുന്നു. കോടിക്കണക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ നല്‍കിയാണ് ഈ ലോകകപ്പും അവസാനിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച രീതിയില്‍ കളിച്ച ഇന്ത്യക്ക് ഫൈനലില്‍ തൊട്ടെതെല്ലാം പിഴച്ചു. വിക്കറ്റുകള്‍ വീണപ്പോള്‍ അമിതമായി പ്രതിരോധത്തില്‍ ഊന്നി ബാറ്റ് വീശിയതാണ് മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും അധികം തിരിച്ചടി നല്‍കിയത്. ഒരു ആറാം ബൗളറുടെ അഭാവവും ഇന്ത്യയെ അലട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ താരം പുറത്തായത് മുതലാണ് ടീമിന് കാര്യങ്ങള്‍ തിരിച്ചടിയായി മാറിയത്. ശുഭ്മാന്‍ ഗില്‍ പുറത്തായ സാഹചര്യത്തില്‍ ആരാധകര്‍ ഒന്നടങ്കം ക്യാപ്റ്റന്‍ ഇന്നിങ്‌സ് പ്രതീക്ഷിച്ച സമയത്താണ് രോഹിത് അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായത്. ഇതിന് ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ ക്യാച്ചിന്റെ പിന്‍ബലവുമുണ്ട്. പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യ കൂടുതല്‍ പരുങ്ങലിയായി. അര്‍ധസെഞ്ചുറി നേടിയശേഷം വിരാട് കോഹ്‌ലിയും പുറത്തായതോടെ മത്സരത്തിലെ ഇന്ത്യയുടെ എല്ലാ പദ്ധതികളും തെറ്റി. രാഹുല്‍, ജഡേജ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊന്നും ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കാനായില്ല.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ഓസീസ് 43 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അര്‍ധ സെഞ്ചറി നേടിയ മാര്‍നസ് ലബുഷെയ്‌നുമാണ് ഓസ്‌ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. ഏകദിനത്തില്‍ സ്ഥിരതയുള്ള പ്രകടനം കളിച്ചിട്ടില്ലാത്ത സൂര്യകുമാറിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതില്‍ ഇനി ടീം മാനേജ്‌മെന്റിന് ഉത്തരം ഉണ്ടായേക്കില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക