29
Oct 2024
Mon
29 Oct 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും NCP (അജിത് പവാര്‍ പക്ഷം) നേതാവുമായ ബാബ സിദ്ദിഖിയെ വെടിവച്ചുകൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം. സമൂഹമാധ്യമത്തിലൂടെയാണ് ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തത്.

കേസില്‍ ഗുര്‍മയില്‍ സിങ്, ധര്‍മരാജ് കശ്യപ് എന്നീ രണ്ടുപേരെയാണ് അറസ്റ്റ്‌ചെയ്തത്. ഇവര്‍ രണ്ടുമാസമായി മുംബൈയില്‍ തങ്ങി ബാബ സിദ്ദിഖിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാണെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഞങ്ങളുടെ സഹോദരനെ ഉപദ്രവിച്ചതുകൊണ്ടാണ് സല്‍മാന്‍ഖാനുമായി യുദ്ധത്തിനിറങ്ങിയതെന്ന് സംഘം, ഉത്തരവാദിത്വം ഏറ്റെടുത്തതായി പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സല്‍മാന്‍ ഖാനെയും ദാവൂദ് സംഘത്തെയും സഹായിക്കുന്നവര്‍ അവരുടെ കണക്ക് തീര്‍ക്കാന്‍ തയാറാവണമെന്നും നമ്മുടെ സഹോദരങ്ങളെ ഉപദ്രവിച്ചാല്‍ തിരിച്ചടി നേരിടുമെന്നും സംഘം ഭീഷണിമുഴക്കി. ജയ് ശ്രീറാം, ജയ് ഭാരത് എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത് ജയ് ശ്രീറാം, ജയ് ഭാരത്… രക്തസാക്ഷിക്ക് പ്രണാമം എന്ന് പറഞ്ഞുകൊണ്ടാണ്.

ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുള്ള ബാബ സിദ്ദിഖ്, ഷാരൂഖ് ഖാനും സല്‍മാനും തമ്മിലുള്ള തര്‍ക്കത്തില്‍ മഞ്ഞുരുക്കിയ നേതാവാണ്. സല്‍മാന് ഖാന് നേരത്തെ തന്നെ നിരവധി തവണ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍നിന്ന് വധഭീഷണിയുണ്ടായിട്ടുണ്ട്. ഒന്നിലധികം തവണ വധശ്രമവും ഉണ്ടായി. ഇതിനു പിന്നാലെയാണ് സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തിന്റെ പേരില്‍ മഹാരാഷ്ട്രയിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവിനെ വെടിവച്ചുകൊന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായത്.
കൊലപാതകം നടന്‍ സല്‍മാന്‍ഖാനുള്ള മുന്നറിയിപ്പാണെന്ന് സംഘം ഭീഷണിമുഴക്കിയതോടെ നടന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ഒന്ന് രണ്ട് മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ അജിത് പവാര്‍ വിഭാഗം എന്‍.സി.പിയുടെ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ചോദ്യങ്ങളുയര്‍ത്തി പ്രതിപക്ഷം രംഗത്തുവന്നു. കോണ്‍ഗ്രസും ഉദ്ധവ് വിഭാഗം ശിവസേനയും ശരത് പവാര്‍ വിഭാഗം എന്‍.സി.പിയും എ.എ.പിയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ വാ കാറ്റഗറി സുരക്ഷയുള്ള നേതാവാണ് ബാബാ സിദ്ദിഖ്. എന്നിട്ടും കൊലപാതകം എങ്ങിനെ നടപ്പാക്കാനായി എന്നാണ് ചോദ്യം.

 

സംസ്ഥാനത്തെ ക്രമസമാധാന നിലതകര്‍ന്നതായും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ക്രമസമാധാന തകര്‍ച്ച തുറന്നുകാട്ടുന്നതാണ് കൊലപാതകമെന്നും സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് ശരത് പവാര്‍ ചോദിച്ചു. വൈ കാറ്റഗറി സുരക്ഷയുണ്ടയാട്ടും എങ്ങിനെ വെടിയേറ്റെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ ചോദിച്ചു. ബാബ സിദ്ദിഖിന്റെ കൊലപാതകം തെരഞ്ഞെടുപ്പില്‍ സജീവചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Baba Siddiqui’s Murder: Lawrence Bishnoi Gang Claims Responsibility