15
Apr 2025
Sun
15 Apr 2025 Sun
PACEMAKER

ഹൃദയമിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്‌മേക്കര്‍. (Baby pacemaker that can be implanted into the body through injection )ഇവ ശരീരത്തില്‍ ഘടിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമാണ്. അത് ലഘൂകരിക്കുന്നതിന് ഉതകുന്ന കണ്ടെത്തലാണ് അമേരിക്കയിലെ നാര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി നടത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് യൂണിവേഴ്‌സിറ്റി. ഒരു അരിമണിയുടെ വലുപ്പം മാത്രമുള്ള ഈ പേസ്മേക്കര്‍ കുത്തിവെപ്പിലൂടെ ശരീരത്തിനുള്ളില്‍ ഘടിപ്പിക്കാന്‍ സാധിക്കും.

നവജാത ശിശുക്കള്‍ക്കായി രൂപപ്പെടുത്തിയ ഇതിന് 1.8 മില്ലിമീറ്റര്‍ വീതിയും 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ കനവുമാണ് ഉള്ളത്. ഒരു സിറിഞ്ചിന്റെ അഗ്രത്തില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നത്ര വലുപ്പമുള്ള ഇവയ്ക്ക് നിലവില്‍ ഉപയോഗിക്കുന്ന പേസ്മേക്കറിന്റെ അതേ ഗുണങ്ങള്‍ തന്നെയാണെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഇത് സ്ഥാപിച്ചുകഴിഞ്ഞാല്‍ നീക്കം ചെയ്യാനായി മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടതായി വരില്ല പകരം ഇത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തന്നെ അലിഞ്ഞുചേരും.

മനുഷ്യരില്‍ ഇത് പരീക്ഷിക്കാന്‍ സമയമെടുക്കുമെന്നും, നിലവില്‍ എലി, പന്നി, നായ,എന്നീ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ പേസ്മേക്കറിന്റെ പ്രവര്‍ത്തനം വിജയകരമായതായും ഗവേഷകര്‍ പറയുന്നു.

ലോകത്ത് ഒരു ശതമാനം കുഞ്ഞുങ്ങള്‍ ജന്മനാ ഹൃദയ സംബന്ധമായ വൈകല്യത്തോടെയാണ് ജനിക്കുന്നത്. ഇവര്‍ക്ക് താത്കാലിക പേസിങ് മാത്രമാണ് ആവശ്യം. ചിലപ്പോള്‍ ഏഴ് ദിവസത്തിനുള്ളില്‍ ശരിയാകാനും സാധ്യതയുണ്ട്.

എന്നാല്‍ ഈ ദിവസങ്ങള്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഇവ പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതും ബുദ്ധിമുട്ടേറിയതാണ്. ഈ സാഹചര്യത്തിലാണ് ഈ കുഞ്ഞന്‍ പേസ്മേക്കറുകള്‍ ഗുണകരമാകുന്നത്. കൂടാതെ ഇവ വയര്‍ലെസ് ആണെന്നതും മറ്റൊരു പ്രത്യേകതയാണ്.