30
May 2024
Fri
30 May 2024 Fri
Bangladesh mp anwarul azim murder

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസിം അനാറിനെ ആഡംബര ഫ്‌ളാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെ. എംപിയെ തന്ത്രത്തില്‍ ഫ്‌ളാറ്റിലെത്തിച്ച് വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനാറിന്റെ മൃതദേഹം വെട്ടിനുറുക്കിയത് അറവുകാരനെ ഉപയോഗിച്ചാണെന്നും വ്യക്തമായി. (bangladesh-mp-anwarul-azim-honey-trapped-by-masterminds-girlfriend-before-murder-sources)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊലിയുരിച്ച ശേഷം മൃതദേഹം ചെറുതായി നുറുക്കുന്നതിന് വേണ്ടി മുംബൈയില്‍ നിന്ന് എത്തിച്ച അറവുകാരനെ പശ്ചിമ ബംഗാള്‍ സിഐഡി അറസ്റ്റ് ചെയ്തു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ നിന്നാണ് 24 വയസ്സുള്ള ജിഹാദ് ഹവല്‍ദാറിനെ കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശ് എംപിയുടെ എല്ലുകള്‍ ഉള്‍പ്പെടെ ചെറുതായി നുറുക്കിയിരുന്നു. തുടര്‍ന്ന് ആളെ തിരിച്ചറിയാതിരിക്കാന്‍ ഇവ പ്രത്യേകമായി പാക്ക് ചെയ്ത് ഉപേക്ഷിക്കുകയായിരുന്നു. ജിഹാദ് ഹവല്‍ദാര്‍ മുംബൈയില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരനാണ്. ബംഗ്ലാദേശിലെ ഖുല്‍ന സ്വദേശിയായ ജൊയ്‌നല്‍ ഹൗലാദറിന്റെ മകനാണ് ഇയാള്‍. അനാറിന്റെ കൊലപാതകത്തിന് രണ്ട് മാസം മുമ്പാണ് ഇയാളെ കൊല്‍ക്കത്തയിലെത്തിച്ചത്.

അന്‍വാറുല്‍ അസിം അനാറിന്റെ യു.എസ്. പൗരനായ സുഹൃത്ത് അകത്‌റുസ്സമാന്‍ ഷഹീന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കൃത്യം നിര്‍വ്വഹിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അകത്‌റുസ്സമാന്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ യു.എസിലുള്ള ഇയാള്‍ക്ക് കൊല്‍ക്കത്തയില്‍ ഒരു ഫ്‌ളാറ്റ് ഉള്ളതായും അധികൃതര്‍ സൂചിപ്പിച്ചു. എംപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ന്യൂ ടൗണിലെ അപ്പാര്‍ട്ട്‌മെന്റ് എക്‌സൈസ് വകുപ്പിലെ ജീവനക്കാരന്റെ ഉടമസ്ഥയിലുള്ളതാണെന്നും സുഹൃത്തിന് പാട്ടത്തിന് നല്‍കിയതാണെന്നും പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ സിഐഡി പരിശോധിച്ചുവരികയാണ്. ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം അനാര്‍ ഫ്‌ളാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അക്തറുസ്സമാന്റെ കാമുകിയും ബംഗ്ലാദേശ് സ്വദേശിനിയുമായ ശിലസ്തി റഹ്‌മാന്‍ ആണ് ഇതെന്നാണ് പോലീസിന് ലഭിച്ച സൂചന. എംപിക്കൊപ്പം ഫ്‌ളാറ്റില്‍ പ്രവേശിച്ചവര്‍ പിന്നീട് പുറത്തുവരുന്നതും വീണ്ടും തിരികെയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ എംപിയെ പിന്നീട് ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല.

പിന്നീട് റൂമിന് വെളിയിലെത്തിയ ഇരുവരുടെയും കൈകളില്‍ സ്യൂട്ട്‌കേസുകള്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശിലസ്തി റഹ്‌മാന്‍ അനാറിനെ വശീകരിച്ച് ധക്കയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിച്ചതായാണ് കരുതുന്നത്. പിന്നീട് കൃത്യമായ ആസൂത്രണത്തോടെ കൊലപ്പെടുത്തുകയായിരുന്നു.

ന്യൂ ടൗണിലെ ഫ്‌ളാറ്റിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. നിരവധി പ്ലാസ്റ്റിക് ബാഗുകളും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞതായാണ് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡല്‍ഹിയിലേക്ക് പോകുകയാണെന്നും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടെന്നും എംപിയുടെ ഫോണില്‍ നിന്നും മെസേജുകള്‍ പരിചിതര്‍ക്ക് ലഭിച്ചിരുന്നു. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാനായിരിക്കാമെന്നും കൊലപാതകത്തിന് ശേഷമാകും മെസേജുകള്‍ അയച്ചതെന്നുമാണ് വിലയിരുത്തല്‍.

മേയ് 12-നാണ് അസിം അനാര്‍ എം.പി. കൊല്‍ക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാല്‍ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ 13-ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എം.പി.യെ പിന്നീട് ബിശ്വാസിനോ ബംഗ്ലാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടര്‍ന്ന് ബിശ്വാസ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ന്യൂടൗണിലുള്ള ഫ്‌ളാറ്റില്‍ വച്ച് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തിയതായി വ്യക്തമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.