24
Aug 2025
Tue
24 Aug 2025 Tue
sexual abuse1

മഹാരാഷ്ട്രയില്‍ മൂന്ന് മാസമായി സെക്‌സ് റാക്കറ്റിന്റെ പിടിയില്‍പ്പെട്ട് ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

90 ദിവസത്തിനിടെ തന്നെ ഇരുന്നൂറോളം പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബംഗ്ലാദേശുകാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെട്ടെന്ന് പ്രായപൂര്‍ത്തിയെത്തുന്നതിനായി ഹോര്‍മോണ്‍ കുത്തിവയ്പ്പ് നടത്തിയതായി സൂചനയുണ്ട്. ലഹരി മരുന്നു നല്‍കി ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.

പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. തുടര്‍ന്നാണ് സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ടത്. അറസ്റ്റിലായ സ്ത്രീകളാണ് പെണ്‍കുട്ടിയെ ബംഗ്ലാദേശില്‍ നിന്ന ഇന്ത്യയിലേക്ക് കടത്തിയത്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ: തൃശൂരിലെ വ്യാജ വോട്ടര്‍മാരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും; യഥാര്‍ത്ഥ വോട്ട് തിരുവനന്തപുരത്ത്

ഗുജറാത്തിലെ നാദിയാദിലേക്കാണ് ആദ്യം തന്നെ കടത്തിയതെന്നും അവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിയുടെ മൊഴി പരിശോധിച്ചു വരികയാണ്.

പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ച് ശരീരത്തില്‍ അടയാളമുണ്ടാക്കിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. നിരന്തരം മര്‍ദനത്തിനും പെണ്‍കുട്ടി ഇരയായിട്ടുണ്ട്.

കുട്ടികളായിരിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഹോര്‍മോണ്‍ കുത്തിവയ്പ്പുകള്‍ നല്‍കി ലൈംഗിക വൃത്തിയിലേക്ക് വിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മധു ശങ്കര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

മീര-ഭായന്ദര്‍ വസായ്-വിരാര്‍ പൊലീസിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് (എഎച്ച്ടിയു), എന്‍ജിഒകളായ എക്‌സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷന്‍, ഹാര്‍മണി ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ജൂലൈ 26 ന് വസായിലെ നൈഗാവിലുള്ള ഫ്‌ലാറ്റിലെ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മോചിപ്പിച്ചത്. 14 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പേരാണ് ഇവിടെ ഉണ്ടായിരുന്നത്.

റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ പിടികൂടാന്‍ രാജ്യത്തെ വിവിധയിടങ്ങളിലേക്ക് പൊലീസ് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടികളെ നവി മുംബൈ, മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.