22
Aug 2025
Tue
22 Aug 2025 Tue
fake vote in Thrissur

തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. പൂങ്കുന്നത്തെ ക്യാപിറ്റല്‍ C4ല്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണെന്ന് അയല്‍വാസി മീഡിയവണിനോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ്. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്.

അജയ കുമാര്‍ എന്നയാളെ അറിയില്ലെന്ന് ക്യാപിറ്റല്‍ വില്ലേജ് C4 ഫ്ലാറ്റ് ഉടമ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എന്‍എസ്എസ്എച്ച്എസ്എസിലായിരുന്നു. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് അയല്‍വാസി സ്ഥിരീകരിച്ചു.

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയില്‍ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പില്‍ വീടും, പോളിംഗ് സ്റ്റേഷന്‍ ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളും തന്നെയാണ് അജയ കുമാറിന്റെ വിലാസം. കേന്ദ്ര മന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ടാണ് തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

അതേസമയം, തൃശ്ശൂര്‍ പൂങ്കുന്നത്തെ ഫ്ലാറ്റില്‍ വീട്ടമ്മ അറിയാതെ ചേര്‍ത്ത വ്യാജ വോട്ടുകള്‍ ആബ്സെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കിയതായാണ് താന്‍ ഓര്‍ക്കുന്നത് എന്ന് തെരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആയിരുന്ന ആനന്ദ് സി. മേനോന്‍ പറഞ്ഞു. ചട്ടപ്രകാരം പരിശോധന നടത്തിയാണ് വോട്ടര്‍മാരെ ചേര്‍ത്തത്. വ്യാജന്മാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കില്‍ അത് എങ്ങനെയെന്ന് അറിയില്ല. ബിഎല്‍ഒ ചുമതല ആദ്യമായാണ് നിര്‍വഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും ആനന്ദ് സി. മേനോന്‍ പറഞ്ഞു.