16
Aug 2024
Tue
16 Aug 2024 Tue
Banks to grant moratorium on loans to all families affected by Wayanad landslide

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളുടെയും ബാങ്ക് ലോണുകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചു. (Banks to grant moratorium on loans to all families affected by Wayanad landslide) മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ എല്ലാ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിര്‍ദേശം നല്‍കി. ജില്ലാതല ബാങ്കേഴ്‌സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പ് പ്രകാരം 22 കോടി രൂപയുടെ വായ്പയാണ് ദുരന്തത്തിനിരയായവര്‍ തിരിച്ചടയ്ക്കാനുള്ളത്. ഇതിനാണ് ആശ്വാസം ലഭിച്ചത്.

ഇവരില്‍ ആരെയും വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. കൃഷി വായ്പകള്‍ക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുക. 50 ശതമാനം വരെ കൃഷി നശിച്ചിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഒരു വര്‍ഷത്തെ അധിക തിരിച്ചടവ് കാലാവധിയും ലഭിക്കും.

50 ശതമാനത്തിനു മേല്‍ കൃഷി നാശമുണ്ടെങ്കില്‍ 5 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി നീട്ടി ലഭിക്കുക. ലോണെടുത്തവര്‍ മൊറട്ടോറിയം അനുസരിച്ച് ഒരു വര്‍ഷം പണം തിരിച്ചടയ്‌ക്കേണ്ടതില്ല. അത് കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനക്രമീകരിച്ചു നല്‍കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു. തിരിച്ചടവിലെ ഒരു വര്‍ഷത്തെ അവധി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്നതും ആശ്വാസമാണ്. ഈ കാലയളവിലെ പലിശ ബാക്കി തിരിച്ചടയ്ക്കാനുള്ള വായ്പത്തുകയില്‍ ഉള്‍പ്പെടുത്തുന്നതാണു രീതി.

Kerala Gold Price Today | സ്വര്‍ണവില ഉയര്‍ന്നു, വീണ്ടും 52,000ന് മുകളില്‍

മുന്‍പ് ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. ഇതേ മാതൃകയില്‍ പൂര്‍ണമായി വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് വയനാട്ടിലെ ദുരന്തബാധിതരുടെ ആവശ്യം. എന്നാല്‍ വായ്പ എഴുതിത്തള്ളിയാലുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ എഴുതിത്തള്ളുന്നതു സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ.

അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ മുഴുവന്‍ വായ്പകളും കേരളാ ബാങ്ക് എഴുതിത്തള്ളിയിരുന്നു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരിച്ചവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും ആണ് എഴുതിത്തള്ളിയത്. ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനം.

നേരത്തെ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു.

Banks to grant moratorium on loans to all families affected by Wayanad landslide