ക്യാംപ്‌നൗ: ലാലിഗ കിരീട നേട്ടത്തിലേക്ക് ഒരടി കൂടി മുന്നോട്ടുവച്ച് ബാഴ്‌സലോണ. ക്യാമ്പ് നൗവിൽ 95,000ലേറെ വരുന്ന കാണികളെ സാക്ഷിയാക്കി നടന്ന എൽക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. എൽ ക്ലാസിക്കോയിൽ ബാഴ്‌സയുടെ നൂറാം വിജയം കൂടിയാണിത്. 46ാം മിനുട്ടിൽ സെർജി റോബർട്ടോയും 92ാം മിനുട്ടിൽ ഫ്രാങ്ക് കെസ്സീയുമാണ് ബാഴ്‌സക്ക് വേണ്ടി ഗോൾ നേടിയത്.
|
എട്ടാം മിനുറ്റിൽ ബാഴ്‌സ താരം അറോഹയുടെ സെൽഫ് ഗോളാണ് റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചത്. പെനാൽട്ടി ബോക്‌സിൽ വിനീഷ്യസ് ജൂനിയർ നടത്തിയൊരു കുതിപ്പാണ് ഗോളിൽ കലാശിച്ചത്. എന്നാൽ ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കോ സെർജി റോബേർടോ കറ്റാലൻമാർക്കായി ഗോൾ മടക്കി.
മത്സരത്തിൻറെ 81ാം മിനുറ്റിൽ മാർകോ അസൻസിയോ റയലിനായി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു. കളി സമനിലയിൽ കലാശിക്കും എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഫ്രാങ്ക് കെസിയുടെ ഇഞ്ചുറി ടൈം ത്രില്ലർ പിറവിയെടുക്കുന്നത്. റോബർട്ട് ലെവൻഡോവ്‌സ്‌കി നീട്ടി നൽകിയ മനോഹരമായൊരു ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച അലെസാൻഡ്രോ ബാൽഡേ പന്തിനെ കെസ്സിക്ക് നീട്ടി. കെസ്സിക്ക് പന്തിനെ ഗോളിലേക്ക് തിരിച്ച് വിടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ.
ജയത്തോടെ പോയിൻറ് പട്ടികയിൽ ബാഴ്‌സ ബഹുദൂരം മുന്നിലെത്തി. 26 മത്സരങ്ങളിൽ നിന്ന് 68 പോയന്റുമായി ബാഴ്‌സ ഒന്നാംസ്ഥാനം നിലനിർത്തി. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാംസ്ഥാനത്താണ്.


