21
Oct 2024
Tue
21 Oct 2024 Tue
Barcelona And Spain's Legend Iniesta Retires

ബാഴ്‌സലോണ: സ്‌പെയ്‌നിന്റെയും ലാലിഗ ക്ലബ്ബ് ബാഴ്‌സലോണയുടേയും ഇതിഹാസ താരമായിരുന്ന ആന്ദ്രേസ് ഇനിയേസ്റ്റ വിരമിക്കല്‍ പ്രഖ്യാപിച്ചു. 40- ാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സമൂഹ മാധ്യമങ്ങളിലൂടെയാണ് കളിനിര്‍ത്തുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. തന്റെ ജെഴ്‌സി നമ്പറിനോടുള്ള ആദര സൂചകമായി ഒക്‌ടോബര്‍ എട്ടിന് ഔദ്യോഗികമായി വിരമിക്കുമെന്ന് ഇനിയേസ്റ്റ നേരത്തെ അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018ലെ ഫുട്‌ബോള്‍ ലോകകപ്പോടെ താരം സ്‌പെയിന്‍ ദേശീയ ടീമില്‍നിന്നും അതേ വര്‍ഷം കുട്ടിക്കാലം മുതല്‍ കളിച്ച ബാഴ്‌സലോണയില്‍നിന്നും ഇറങ്ങിയിരുന്നു. ശേഷം അഞ്ചുവര്‍ഷക്കാലം ജപ്പാനിലെ വിസല്‍ കോബേ ടീമിന്റെ ഭാഗമായി. കഴിഞ്ഞവര്‍ഷം യുഎഇയിലെ എമിറേറ്റ്‌സിന് വേണ്ടിയും പന്ത് തട്ടി.

ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളര്‍ന്നുവന്ന ഇനിയേസ്റ്റ, 2000 മുതല്‍ 2002 വരെ ബി ടീമിന് വേണ്ടി കളിച്ചാണ് സീനിയര്‍ ടീമിലെത്തിയത്. 18 ാം വയസ്സില്‍ തന്നെ സീനിയര്‍ ടീമിലെത്തി. വിരമിക്കുന്നതു വരെ ബാഴ്‌സയില്‍ തുടര്‍ന്നു. സാവിക്കും ബുസ്‌ക്കറ്റിനും ഒപ്പം ബാഴ്‌സയുടെയും സ്‌പെയിനിന്റെയും മധ്യനിര അടക്കി ഭരിച്ചു. ഇനിയേസ്റ്റ- സാവി- ബുസ്‌ക്കറ്റ് കോംപോ ലോകത്തെ തന്നെ എക്കാലത്തെയും മികച്ച മധ്യനിരയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബാഴ്‌സയുടെയും സ്‌പെയിനിന്റെയും സുവര്‍ണകാലമായിരുന്നു ഇത്.

674 തവണ ബാഴ്‌സ ജെഴ്‌സിയണിഞ്ഞ ഇനിയേസ്റ്റ ക്ലബ്ബിനായി 57 ഗോളുകളും 135 അസിസ്റ്റുകളും സ്വന്തമാക്കി. ഒന്‍പത് ലാലിഗയും, നാല് ചാമ്പ്യന്‍സ് ലീഗുകളും, മൂന്ന് ക്ലബ്ബ് ലോകകപ്പുകളും, ആറ് കോപാ ഡെല്‍ റേ ടൈറ്റിലുകളുമുള്‍പ്പെടെ 32 കിരീടങ്ങളാണ് താരം ക്ലബിന് നേടിക്കൊടുത്തത്.

സ്‌പെയിനിന്റെ അണ്ടര്‍ 15, 16, 17, 19, 20, 21 ടീമുകളുടെയും ഭാഗമായി. ദേശീയടീമിനായി 131 കളികളില്‍നിന്നായി 13 ഗോളുകള്‍ നേടി. 2010ല്‍ നെതര്‍ലാന്‍ഡ്‌സിനെ തോല്‍പ്പിച്ച് സ്‌പെയിനിന് ലോകകപ്പ് നേടിക്കൊടുത്തത് ഇനിയേസ്റ്റയുടെ ഗോളായിരുന്നു. നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലപിടിച്ചതിനെത്തുടര്‍ന്ന് കളി അധികസമയത്തേക്ക് നീണ്ടെങ്കിലും ഗോള്‍ പിറക്കാതെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചതോടെ കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ഇനിയേസ്റ്റയുടെ ഗോള്‍.

രണ്ട് യൂറോ കപ്പുകളും ഒരു ലോകകപ്പും ടീമിനായി താരം നേടി.

ലോകം വിസ്മയത്തോടെ നോക്കിക്കണ്ട പെപ് ഗ്വാര്‍ഡിയോളയുടെ ടിക്കി ടാക ശൈലി ബാഴ്‌സലോണയിലൂടെയും പിന്നീട് സ്‌പെയിനിലൂടെയും അവതരിപ്പിക്കപ്പെട്ടപ്പോള്‍, അതില്‍ പ്രധാനപങ്കുവഹിച്ചതും ഇനിയെസ്റ്റ ആയിരുന്നു.

Barcelona And Spain’s Legend Iniesta Retires