16
May 2023
Wed
16 May 2023 Wed
Sreenath Bhasi and Prayaga Martin reach Om Prakash's room

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വിവാദങ്ങളും വിലക്കുകളും വകവയ്ക്കാതെ പുതിയ ചിത്രവുമായി നടന്‍ ശ്രീനാഥ് ഭാസി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’യുടെ ഷൂട്ടിങ് ആരംഭിച്ചു. നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും എതിരെ സിനിമാ സംഘടനകള്‍ വിലക്കുമായി രംഗത്തെത്തിയത്. ഏപ്രില്‍ 25 മുതലാണ് ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചതിനാലാണ് രണ്ട് പേരെയും വിലക്കാന്‍ തീരുമാനിച്ചതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ‘അമ്മ’ സംഘടന വ്യക്തമാക്കിയത്.
വിലക്കിന് പിന്നാലെയാണ് ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രവുമായി ശ്രീനാഥ് ഭാസി മുന്‍പോട്ട് പോകുന്നത്. കൊച്ചി നഗരത്തില്‍ ഡാന്‍സും പാര്‍ട്ടിയുമൊക്കെയായി ജീവിതം ആഘോഷിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളും അതിനെ തരണം ചെയ്യാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ലെന, സാജു നവോദയ, പുതുമുഖം ശ്രിന്ദ, നാരായണന്‍കുട്ടി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ സംവിധായകന്‍ സോഹന്‍ സീനുലാല്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യന്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. വി. സാജന്‍, സതീഷ് കൊല്ലം, റോണക്‌സ് സേവ്യര്‍, അരുണ്‍ മനോഹര്‍, മധു, കോളിന്‍സ് ലിയോഫില്‍, ഷഫീഖ്, മധു തമ്മനം, സുനില്‍ ജോസ്, വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, സ്റ്റില്‍സ് നിദാദ്, എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.
ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരെ കടുത്ത വിമര്‍ശനവും സിനിമ മേഖലയില്‍ നിന്നും ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും ഇരുവര്‍ക്കും പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ലെന്നും ലിസ്റ്റ് നിരത്താനാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് തങ്ങളും നിരത്തുമെന്ന് ഷൈന്‍ ടോം ചാക്കോ ഇതിനോട് പ്രതികരിച്ചിരുന്നു.
മുന്‍പും ഭാസിയുടെ പേരില്‍ വിലക്കും വിവാദങ്ങളും നിലനിന്നിരുന്നെങ്കിലും അധികം വൈകാതെ ശ്രീനാഥ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സിനിമയുടെ പ്രമോഷന്‍ ഭാഗമായെത്തിയ അഭിമുഖത്തില്‍ അവതാരികയോട് മോശമായി സംസാരിച്ചെന്നു ആരോപിച്ച് താരത്തിന്റെ പേരില്‍ അവതാരിക കേസ് കൊടുത്തിരുന്നു. ഈ സംഭവത്തോട് അനുബന്ധിച്ച് ശ്രീനാഥിനെ സിനിമാ സംഘടനകള്‍ വിലക്കിയിരുന്നു. എന്നാല്‍ അവതാരിക തന്നെ അധികം വൈകാതെ കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.