കൊൽക്കത്ത: കൊടുംചൂടിൽ മഴ ലഭിക്കാൻ ‘തവളക്കല്യാണ’വുമായി ഗ്രാമവാസികൾ. ദക്ഷിണ ബംഗാളിലെ വിവിധ ഗ്രാമങ്ങളിലാണ് ഒരുവിഭാഗം വിശ്വാസികൾ തവളക്കല്യാണം നടത്തിയയത്. കഠിനമായ ചൂടിൽനിന്ന് മോചനം തേടി, നാദിയയിലെ ശാന്തിപൂർ ഹരിപൂർ പഞ്ചായത്തിലെ സർദാർ പാറ പ്രദേശത്താണ് ഫലഭൂയിഷ്ഠതയുടെ പ്രതീകമായി കരുതുന്ന തവളകളുടെ വിവാഹം ആഘോഷപൂർവ്വം സംഘടിപ്പിച്ചത്. ഗ്രാമവാസികൾ പാട്ടും കൊട്ടും താളമേളങ്ങളുടെയും അകമ്പടിയോടെ ആൺ പെൺ തവളകളുടെ വിവാഹം നടത്തുകയായിരുന്നു.
|
മഴയുടെ ദേവനായ വരുണ ദേവനെ പ്രീതിപ്പെടുത്തുകയാണ് ഈ ചടങ്ങിലൂടെ ചെയ്യുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. ദൈവം പ്രീതിപ്പെട്ടാൽ 24 മണിക്കൂറിനകം മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ചൂട് കൂടിവരികയും മഴയുടെ വരവ് അനന്തമായി വൈകുകയും ചെയ്യുന്നതിനാലാണ് പരമ്പരാഗത രീതിയിൽ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ തവളകളുടെ കല്യാണം നടത്തിയതെന്ന് ഗ്രാമവാസികൾ പ്രതികരിച്ചു.
മഴ ലഭിക്കാനായി യു.പിയിലെ ഘോരക്പൂരിൽ കഴിഞ്ഞ ജൂണിലും കവളകല്യാണം നടത്തിയിരുന്നു.





