തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ എം രഞ്ജിത്ത് ലൈംഗിക ആരോപണ കുരുക്കില്‍. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തി.(Bengali actress reveals; Ranjith should be removed from the position of Chairman of Chalachitra Academy: Dr. Biju) അല്‍പ്പമെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ അക്കാദമി ചെയര്‍മാനെ സര്‍ക്കാര്‍ അടിയന്തരമായി പുറത്താക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു. ലൈംഗികാരോപണം നിസാരമായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായി ലൈംഗിക ആരോപണം ഉയര്‍ന്നുവന്നത് നിസാരമായി കണക്കാക്കാന്‍ സാധിക്കില്ല. സാംസ്‌കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരു നിമിഷം പോലും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് അര്‍ഹനല്ലെന്നും ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവിലുണ്ടെന്നും ചലച്ചിത്ര അവാര്‍ഡില്‍ ചിലര്‍ക്ക് അവാര്‍ഡ് കൊടുക്കാനും ചില സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയര്‍മാന്‍ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചുവെന്ന പരാതി ഉണ്ടായിരുന്നുവെന്നും സംവിധായകന്‍ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നുവെന്നും ബിജു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെയാണ് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു.

റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്.
ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന്‍ രഞ്ജിത്തുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടിയുണ്ടായിരുന്നു.
അവിടെ എത്തിയപ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. നിര്‍മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില്‍ തൊട്ടു, വളകള്‍ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി. പെട്ടെന്ന് പരിഭ്രമത്തില്‍ പ്രതികരിക്കാന്‍ സാധിച്ചില്ല.
ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസിലാക്കാനാവില്ല. ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്.
പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു. അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികള്‍ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.
പരാതി ലഭിച്ചാല്‍ നടപടി
രഞ്ജിത്തിനെതിരായ പരാതി പരിശോധിക്കുമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സ്ത്രീകള്‍ക്കൊപ്പമാണ് ഇടതുപക്ഷ സര്‍ക്കാര്‍. എന്നാല്‍, രേഖാമൂലം പരാതി തന്നാല്‍ മാത്രമേ നടപടി എടുക്കാന്‍ സാധിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.


