തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങില്‍ സജീവമായി പങ്കെടുത്ത മോദി തന്നെയാണ് വധൂരന്മാര്‍ക്ക് മാല എടുത്ത് നല്‍കുകയും ചെയ്തു. വിദേശ സര്‍വകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യാ സുരേഷ് ഗോപി. വരന്‍ ശ്രേയസ് മേനോന്‍ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറക്കുമെന്നാണ് സൂചനകള്‍. സുരേഷ് ഗോപിയും ഭാര്യ രാധികയും മകള്‍ ഭാഗ്യയും ചേര്‍ന്ന് നേരിട്ടാണ് പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.
|
ചടങ്ങില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പാര്‍വതി, ഖുശ്ബു, ബിജു മേനോന്‍ തുടങ്ങിയ മലയാള സിനിമയിലെ വന്‍ താരനിരയും പങ്കെടുത്തു. ചടങ്ങില്‍ സംബന്ധിച്ച എല്ലാ പേരോടും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം തൃപ്രയാര്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാര്‍ഡില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാകും ഡല്‍ഹിയിലേക്ക് മടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കല്യാണത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു.


