26
Jan 2026
Thu
26 Jan 2026 Thu
bihar congress jdu

Bihar 6 congress MLA moves to JDU പട്ന: ബിഹാറിലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും ബിജെപി നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേരാന്‍ ഒരുങ്ങുന്നതായി സൂചന. സംസ്ഥാനത്തെ ആറ് പാര്‍ട്ടി എംഎല്‍എമാരും മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകര സംക്രാന്തിയോടനുബന്ധിച്ച് കഴിഞ്ഞദിവസം പട്നയിലെ സദഖത്ത് ആശ്രമത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ദഹി-ചുര വിരുന്നില്‍നിന്ന് പാര്‍ട്ടി എം.എല്‍.എമാര്‍ വിട്ടുനിന്നിരുന്നു.
രണ്ടാഴ്ചയായി ഇവര്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.

സംസ്ഥാനത്ത് ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷിയാണ് കോണ്‍ഗ്രസ്. ആറ് എം.എല്‍.എമാരും എന്‍.ഡി.എയിലേക്ക് കൂടുമാറിയാല്‍ സംസ്ഥാനത്തെ 243 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് സംപൂജ്യമാകും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമര പരിപാടികളുടെ ഭാഗമായി സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം വിളിച്ചുചേര്‍ത്ത യോഗത്തിലും എം.എല്‍.എമാര്‍ വിട്ടുനിന്നിരുന്നു.

ALSO READ: കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചനിലയില്‍

മാസങ്ങള്‍ക്കു മുമ്പ് നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് നേരിട്ടത്. വോട്ട് ചോരി വെളിപ്പെടുത്തലുകളും എസ്.ഐ.ആറിന് എതിരായ പ്രതിഷേധങ്ങളും നേട്ടമാകുമെന്ന കരുതിയ കോണ്‍ഗ്രസ് ആറു സീറ്റില്‍ ഒതുങ്ങി.

202 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തിയത്. 89 സീറ്റുകളുമായി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായി. ജെ.ഡി.യുവിന് 85 സീറ്റുകളാണ് ലഭിച്ചത്. ഇന്‍ഡ്യ സഖ്യം 35 സീറ്റുകളിലൊതുങ്ങി. ഇതില്‍ 25 സീറ്റും ആര്‍.ജെ.ഡിക്കാണ്.

61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് മനിഹാരി (മനോഹര്‍ പ്രസാദ് സിങ്), വാല്‍മീകി നഗര്‍ (സുരേന്ദ്ര പ്രസാദ്), ചന്‍പാട്ടിയ (അഭിഷേക് രഞ്ജന്‍), അരാരിയ (അബിദുര്‍ റഹ്‌മാന്‍), കിഷന്‍ഗഞ്ജ് (കമറുല്‍ ഹോഡ), ഫോബ്‌സ്ഗഞ്ജ് (മനോജ് ബിസ്വാന്‍) എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ജയിക്കാനായത്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജെ.ഡി.യുവിലേക്ക് പോകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി ജെ.ഡി.യു മാറും. അതേസമയം, എന്‍.ഡി.എ സഖ്യത്തിലെ തന്നെ ഉപേന്ദ്ര കുഷ്വായുടെ രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍.എല്‍.എം) യുടെ മൂന്നു എം.എല്‍.എമാരെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ നാലു എം.എല്‍.എമാരില്‍ മൂന്നുപേരുമായി ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തി. എന്‍.ഡി.എക്കുള്ളില്‍ ഒന്നാമന് വേണ്ടിയുള്ള അധികാര വടംവലി മൂര്‍ച്ഛിക്കുന്നതിന്റെ വിവരം കൂടിയാണ് ഇതോടെ പുറത്തുവരുന്നത്.