22
Aug 2022
Wed
22 Aug 2022 Wed

തന്നെ കൂട്ടബലാൽസം​ഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെയും ജയിൽമോചിതരാക്കിയ ഗുജറാത്ത് സര്ക്കാര് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസത്തിൽ ഉലച്ചിൽ വരുത്തിയെന്ന് ബിൽക്കിസ് ബാനു. 2002ലെ ​ഗുജറാത്ത് കലാപവേളയിൽ ഹിന്ദുത്വരുടെ ആക്രമണങ്ങളിൽ നിന്ന് കുടുംബാം​ഗങ്ങൾക്കൊപ്പം രക്ഷപ്പെട്ടോടുന്നതിനിടെ അഞ്ചുമാസം ​ഗർഭിണിയായ തന്നെ കൂട്ടബലാൽസം ചെയ്യുകയും കുടുംബാം​ഗങ്ങളെ വധിക്കുകയും ചെയ്ത ഭീകരത താൻ ഒരിക്കൽ കൂടി 11 പ്രതികളെ വെറുതെവിട്ടതറിഞ്ഞപ്പോൾ അനുഭവിച്ചതായി ബിൽക്കിസ് ബാനു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

താനേറെ ദുഖിതയാണ്. മരവിപ്പിൽ നിന്നുണർട്ടില്ല. എങ്ങനെയാണ് ഒരു സ്ത്രീക്ക് ഇങ്ങനെ നീതി നിഷേധിക്കുക? ഈ രാജ്യത്തിന്റെ പരമോന്നത കോടതിയിലും സംവിധാനത്തിലും താൻ വിശ്വസിച്ചിരുന്നു. ദുരനുഭവങ്ങളുമായി പതിയെ ജീവിക്കാൻ പഠിച്ചുവരികയായിരുന്നു താൻ. എന്റെ സമാധാനമാണ് പ്രതികളുടെ മോചനം ഇല്ലാതാക്കിയത്. നീതിയിലുള്ള എന്റെ വിശ്വാസത്തിൽ ഉലച്ചിൽ വന്നിരിക്കുന്നു. കോടതികളിൽ നീതിക്കു വേണ്ടി പൊരുതുന്ന ഓരോ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെയീ ദുഖമെന്നും അവർ പറഞ്ഞു. 

 

ഇത്തരമൊരു നീതികെട്ട തീരുമാനം എടുക്കുന്നതിന് ആർക്കും തന്റെ സുരക്ഷയോ ക്ഷേമമോ ആവശ്യമില്ലായിരുന്നു. ഈ നടപടി പിൻവലിക്കണമെന്ന് ​ഗുജറാത്ത് സർക്കാരിനോട് ഞാനഭ്യർഥിക്കുകയാണ്. ഭയരഹിതമായ സമാധാന ജീവിതത്തിനുള്ള തന്റെ അവകാശം തിരിച്ചുതരണം. തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. 

 

2002 ഫെബ്രുവരി 27ന് സബർമതി എക്‌സ്പ്രസിന് ദുരൂഹസാഹചര്യത്തിൽ തീപ്പിടിച്ച് 59 കർസേവകർ മരിച്ചതിനു പിന്നാലെയുണ്ടായ അതിക്രമങ്ങളിൽ നിന്ന് പലായനം ചെയ്യുമ്പോഴായിരുന്നു ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസംഗ ചെയ്തതും അവരുടെ കുടുംബാംഗങ്ങളായ ഏഴുപേരെ അക്രമികൾ വധിച്ചതും. അഞ്ചുമാസം ഗർഭിണിയായിരുന്നു ആ സമയം ബിൽക്കിസ്. ചെറിയ കുട്ടിയെയും മറ്റ് 15 പേരുമായി ഓടിപ്പോവുന്നതിനിടെ ആയുധങ്ങളുമായെത്തിയ മുപ്പതോളം പേർ വരുന്ന അക്രമിസംഘം തടഞ്ഞുനിർത്തുകയും ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസംഗം ചെയ്യുകയും ഏഴുപേരെ കൊല്ലുകയുമായിരുന്നു. ആറുപേർ ഓടിരക്ഷപ്പെട്ടു. 
സംഭവം വിവാദമായതോടെ സുപ്രിംകോടതിയാണ് പിന്നീട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2004ൽ ആണ് പ്രതികളെ അററസ്റ്റ് ചെയ്തത്. അഹമ്മദാബാദിൽ ആരംഭിച്ച വിചാരണ പിന്നീട് ബിൽക്കിസ് ബാനുവിന്റെ അഭ്യർഥന പ്രകാരം മുംബൈയിലേക്ക് മാറ്റുകയും ചെയ്തു. അഹമ്മദാബാദിൽ താൻ സുരക്ഷിതയല്ലെന്ന ബിൽക്കിസ് ബാനുവിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ഇത്. 

 

11 പ്രതികൾക്ക് ജീവപര്യന്തം വിധിച്ച കോടതി സിബിഐ പ്രത്യേക കോടതി 7 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും മറ്റൊരാൾ വിചാരണകാലയളവിൽ മരിക്കുകയും ചെയ്തു. 2018ലാണ് ബോംബൈ ഹൈക്കോടതി പ്രത്യേക കോടതിയുടെ ഉത്തരവ് ശരിവച്ചത്. 2019 ഏപ്രിലിൽ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ജോലിയും വീടും നൽകാനും നിർദേശം നൽകിയിരുന്നു.