18
Jan 2026
Sun
18 Jan 2026 Sun
bjp chrisitan outreach

BJP Christian outreach failed ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പാളിയെന്ന് ബിജെപി വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാനായില്ല. ഹിന്ദു വോട്ടുകളും നഷ്ടമായി. ബിജെപി നിര്‍ത്തിയ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളില്‍ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 1926 സ്ഥാനാര്‍ത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. ഇതില്‍ 25 പേര്‍ മാത്രമാണ് കടമ്പ കടന്നത്. എട്ട് ജില്ലകളില്‍ മാത്രമാണ് ജയിക്കാനായത്. വലിയ തോതില്‍ ക്രിസ്ത്യന്‍ സാന്നിധ്യമുള്ള കോട്ടയം ജില്ലയില്‍ പോലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് ആയില്ല. 96 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതില്‍ 12 പേര്‍ മാത്രമാണ് ജയിച്ചത്. 2020ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിക്ക് എത്താനുമായില്ല.

തദ്ദേശ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരവും തൃപ്പൂണിത്തുറയും അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചത് മാത്രമാണ് എടുത്തു പറയാവുന്ന നേട്ടം. എന്നാല്‍ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുന്നേറാനാകാത്തത് തിരിച്ചടിയായും ബിജെപി വിലയിരുത്തുന്നു. തൃശൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്.

ALSO READ: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; വിജ്ഞാപനം മാര്‍ച്ചില്‍

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുപ്രകാരം എന്‍ഡിഎ വോട്ടുവിഹിതം 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് ഒപ്പം എത്തിയിട്ടില്ല.

നിയമസഭയിലേക്ക് പുതിയ തന്ത്രങ്ങള്‍

നിയമ സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി പുതിയ സഖ്യങ്ങളും ചങ്ങാത്തങ്ങളും തേടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാനും ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രനെ കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക