21
Aug 2022
Sat
21 Aug 2022 Sat

ബ്രാഹ്മണർക്കെതിരേ നടത്തിയ പ്രസ്താവനയുടെ പേരിൽ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മധ്യപ്രദേശിലെ ​ഗ്വാളിയോർ ചാമ്പലിൽ നിന്നുള്ള നേതാവായ പ്രീതം സിങ് ലോധിയെയാണ് ബിജെപി പുറത്താക്കിയത്. മതത്തിന്റെ പേരിൽ ബ്രാഹ്മണർ ജനങ്ങളെ മണ്ടന്മാരാക്കുകയും ബുദ്ധിമുട്ടിക്കുകയുമാണെന്ന് പ്രീതം സിങ് ലോധി ബുധനാഴ്ച പ്രസ്താവിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അവന്തിലാൽ ലോധിയുടെ ജനന വാർഷികവുമായി ബന്ധപ്പെട്ട് കുട്ടികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഈ പരാമർശമുണ്ടായത്. പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെ ബിജെപി യുവജനവിഭാ​ഗം നേതാവ് പ്രവീൺ മിശ്ര ബിജെപി നേതാവിനെതിരേ പൊലീസിൽ പരാതി നൽകി. ഇരുവിഭാ​ഗങ്ങൾ തമ്മിൽ ശത്രുത വളർത്താൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു പരാതി. 

 

അതേസമയം, 62കാരനായ പ്രീതം സിങ് ലോധി വധശ്രമം, കൊലപാതകം അടക്കം 37 കേസുകളിലെ പ്രതിയാണ്. മുൻ മുഖ്യമന്ത്രി ഉമാ ഭാരതിയുടെ അടുത്ത അനുയായിയായ പ്രീതം സിങ് ലോധി 2013ലും 2018ലും നിയമസഭയിലേക്ക് മൽസരിച്ചിരുന്നു. 2018ൽ കോൺ​ഗ്രസിന്റെ കെ പി സിങ്ങിനോട് 2500ൽ താഴെ വോട്ടിനാണ് പ്രീതം തോറ്റത്. 

 

അതിനിടെ പ്രീതം സിങ് ലോധിയുടെ പ്രസ്താവന പാർട്ടി നയമല്ലെന്നും ലോധിക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകിയതായും ബിജെപി സംസ്ഥാന സെക്രട്ടറി  
ഭവ​​ഗവൻദാസ് സബ്നാനി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്ന് ലോധി മാപ്പപേക്ഷ എഴുതി നൽകിയെങ്കിലും ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ആറുവർഷത്തേക്കാണ് പ്രീതം സിങ്ങിനെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽ നിന്നു പുറത്താക്കിയത്. യുപിയിലും ​ഗുജറാത്തിലും ബിജെപി ബ്രാഹ്മണ പ്രീണനം നടത്തിവരുന്നതിനിടെയാണ് മധ്യപ്രദേശിൽ പ്രീതംസിങ്ങിന്റെ ബ്രാഹ്മണവിരുദ്ധ പ്രസ്താവന പാർട്ടിയെ പ്രതികൂട്ടിലാക്കിയത്.